നെയ്മര്‍ മികവില്‍ പിഎസ്ജി വിജയവഴിയില്‍
ഫ്രഞ്ച് ലീഗ് കിരീടം നേടിയ പിഎസ്ജി കിരീടനേട്ടത്തിന് ശേഷമുള്ള ഏഴ് മല്‍സരങ്ങളില്‍ ഒന്നുമാത്രമാണ് ജയിച്ചത്
പാരിസ്: ഫ്രഞ്ച് ലീഗില്‍ ഫോം നഷ്ടപ്പെട്ട പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തി. ആംഗേഴ്സിനെതിരായ മല്‍സരത്തില്‍ 2-1ന്റെ ജയത്തോടെയാണ് പിഎസ്ജി ഫോമിലേക്കുയര്‍ന്നത്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങള്‍ തോറ്റ പിഎസ്ജിക്ക് ആശ്വാസമായ ജയം നല്‍കിയത് വിവാദ താരം നെയ്മറിന്റെ മികവാണ്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് നെയ്മര്‍ വഴിയൊരുക്കുകയും ചെയ്തു. ഫ്രഞ്ച് ലീഗ് കിരീടം നേടിയ പിഎസ്ജി കിരീടനേട്ടത്തിന് ശേഷമുള്ള ഏഴ് മല്‍സരങ്ങളില്‍ ഒന്നുമാത്രമാണ് ജയിച്ചത്. കൂടാതെ ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നീസിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ന് നടന്ന മല്‍സരത്തില്‍ 20ാം മിനിറ്റിലാണ് നെയ്മര്‍ പിഎസ്ജിക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 58ാം മിനിറ്റില്‍ ഡി മരിയ നേടിയ ഗോളിന് നെയ്മര്‍ വഴിയൊരുക്കുകയും ചെയ്തു. 88 പോയിന്റുള്ള പിഎസ്ജിക്ക് ഇനി രണ്ടു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. അതിനിടെ നെയ്മറെ പിഎസ്ജി ക്യാപ്റ്റനാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോച്ച് ടൂച്ചല്‍ വ്യക്തമാക്കി. ആരാധകനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് വിലക്ക് ലഭിച്ച നെയ്മറെ ക്യാപ്റ്റനാക്കിയേക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ ക്യാപ്റ്റന്റെ മികവില്‍ തൃപ്തനാണെന്നും നെയ്മറെ ക്യാപ്റ്റനാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.