നെയ്മര്‍ വീണ്ടും വിവാദത്തില്‍; മഞ്ഞ കാര്‍ഡ് നല്‍കിയ റഫറിക്ക് നേരെ സ്ത്രീവിരുദ്ധ പരാമര്‍ശം
സാവോപോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും വിവാദത്തില്‍. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നെയ്മറെ ഇപ്പോള്‍ വെട്ടിലാക്കിയത്. ബ്രസീലിയന്‍ ലീഗില്‍ തന്റെ ടീമായ സാന്റോസും റെമോയും തമ്മിലുള്ള മല്‍സരത്തില്‍ നെയ്മറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. മല്‍സരശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു സൂപ്പര്‍ താരത്തിന്റെ വിവാദ പരാമര്‍ശം.
മല്‍സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാന്റോസ് വിജയിച്ചെങ്കിലും കളിക്കിടെ ലഭിച്ച യെല്ലോ കാര്‍ഡില്‍ നെയ്മര്‍ അസംതൃപ്തനായിരുന്നു. അടുത്ത മല്‍സരം നെയ്മറിന് നഷ്ടപ്പെടുമെന്ന നിരാശയിലായിരുന്നു നെയ്മര്‍. തുടര്‍ന്നാണ് മല്‍സരശേഷം ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിക്കവേ മല്‍സരം നിയന്ത്രിച്ച റഫറി സാവിയോ പെരേര സമ്പായോയെ താരം വിമര്‍ശിച്ചതും 'ഷിക്കോ' എന്ന വിവാദ പദപ്രയോഗം നടത്തിയതും.
'റഫറി എഴുന്നേറ്റത് 'ഷിക്കോ' പോലെയാണ്, ഇതുപോലെ മാനസികാവസ്ഥയിലാണ് അദ്ദേഹം കളിക്കളത്തില്‍ എത്തിയത്', എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയന്‍ സംസാരഭാഷയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന പ്രയോഗമാണ് 'എസ്റ്റാര്‍ ഡി ഷിക്കോ'. റഫറി യുക്തിക്ക് നിരക്കാത്തതായി പെരുമാറുന്നത് അയാള്‍ക്ക് ആര്‍ത്തവമായതുകൊണ്ടാണെന്ന അര്‍ത്ഥത്തിലായിരുന്നു നെയ്മര്‍ 'ഷിക്കോ' എന്ന വാക്ക് ഉപയോഗിച്ചത്.
ഈ സംഭവം ഫുട്‌ബോള്‍ ലോകത്ത് വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കയാണ്. സൂപ്പര്‍ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ് ബ്രസീലില്‍ ഉയര്‍ന്നിരിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നെയ്മര്‍ ജൂനിയറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
