നെയ്മറും എംബാപ്പെയും റയല്‍ മാഡ്രിഡിലെത്തിയേക്കും
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിനെ നിരവധി കിരീടങ്ങളിലേക്ക് എത്തിച്ചത്
പാരിസ്: പിഎസ്ജി സൂപ്പര്‍ താരങ്ങളായ നെയ്മറിനെയും എംബാപ്പെയെയും റയല്‍ മാഡ്രിഡിലെത്തിക്കാനുള്ള ചര്‍ച്ച തുടങ്ങി. പുതിയ കോച്ച് സിദാന്റെ ആവശ്യാര്‍ഥമാണ് ഇരുതാരങ്ങളെയും ക്ലബ്ബ് പരിഗണിക്കുന്നത്. തകര്‍ന്നു കൊണ്ടിരിക്കുന്ന റയല്‍ മാഡ്രിഡിന് ശക്തിപകരാന്‍ ഒരുപിടി മികച്ച താരങ്ങളെ ആവശ്യമാണെന്ന് ക്ലബ്ബ് പ്രസിഡന്റ് പെരെസിനോട് സിദാന്‍ അറിയിച്ചിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിനെ നിരവധി കിരീടങ്ങളിലേക്ക് എത്തിച്ചത്. എന്നാല്‍ അദ്ദേഹം യുവന്റസിലേക്ക് പോയതോടെ റയലിന്റെ കഷ്ടകാലവും തുടങ്ങി. കിസ്റ്റ്യാനോ പോയതുമുതല്‍ നെയ്മറെ കൊണ്ടുവരാനുള്ള ശ്രമം റയല്‍ നടത്തിയിരുന്നു. ആവശ്യമുള്ള താരങ്ങളെ നല്‍കാന്‍ തയ്യാറാണെന്ന് പെരെസ് സിദാനെ അറിയിച്ചിട്ടുണ്ട്. നെയ്മറും എംബാപ്പെയുമാണ് റയലിന്റെ ലിസ്റ്റിലുള്ള രണ്ടുപേര്‍. ഏതുവിധേനയും ഇരുവരെയും ടീമിലെത്തിക്കാനാണ് ശ്രമം. കുറച്ചുകാലമായി റയലിന്റെ പ്രധാന ലിസ്റ്റിലുള്ള താരമാണ് എംബാപ്പെ. ഫ്രഞ്ച് താരമായ സിദാന്‍ വിചാരിച്ചാല്‍ എംബാപ്പെയെ ടീമില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പെരെസിന്റെ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പിഎസ്ജി പുറത്തായത് താരത്തിന് വലിയ ആഘാതമായിരുന്നു. യുനൈറ്റഡിനോട് പ്രീക്വാര്‍ട്ടറില്‍ ആണ് പിഎസ്ജി പുറത്തായാത്. വലിയ കിരീടങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കുമായി എംബാപ്പെ ക്ലബ്ബ് വിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫ്രഞ്ച് ലീഗില്‍ സീസണില്‍ 24 ഗോളുമായി മിന്നും ഫോമിലാണ് എംബാപ്പെ. റയലില്‍ കളിക്കാനുള്ള ആഗ്രഹം ബ്രിസീലിയന്‍ താരം നെയ്മര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. റയല്‍ പോലുള്ള ലോകത്തെ മികച്ച ക്ലബ്ബില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് നെയ്മര്‍ അടുത്തിടെ പറഞ്ഞിരുന്നു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ അടുത്തിടെ ടീമിനൊപ്പം ചേര്‍ന്നിരുന്നു. പിഎസ്ജിയില്‍ തന്നെക്കാള്‍ പരിഗണന എംബാപ്പെയ്ക്കു നല്‍കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം നെയ്മര്‍ വ്യക്തമാക്കിയിരുന്നു. ഇരു താരങ്ങളെയും ടീമില്‍ കൊണ്ടുവന്ന് മികച്ച ടീം തയ്യാറാക്കി മല്‍സരങ്ങളെ നേരിടാനാണ് സിദാന്റെ ശ്രമം. കഴിഞ്ഞ ദിവസമാണ് സിദാന്‍ റയല്‍ മാഡ്രിഡ് കോച്ചായി ചുമതലയേറ്റത്.