നാലടിച്ച് മെസ്സി; ഒന്നിലേക്ക് കുതിച്ച് ബാഴ്‌സ; റയലിന് തോല്‍വി

ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാമതെത്തി. 14, 37, 40, 87 മിനിറ്റുകളിലാണ് മെസ്സിയുടെ നാല് ഗോള്‍ നേട്ടം.

Update: 2020-02-23 03:41 GMT

നൗ ക്യാമ്പ്: ഐബറിനെതിരേ നാല് ഗോളടിച്ച് ലയണല്‍ മെസ്സി. തന്റെ 48ാം കരിയര്‍ ഹാട്രിക്ക് നേട്ടത്തോടെയാണ് മെസ്സി ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ചത്. 5-0ത്തിനാണ് ബാഴ്‌സയുടെ ജയം. ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാമതെത്തി. 14, 37, 40, 87 മിനിറ്റുകളിലാണ് മെസ്സിയുടെ നാല് ഗോള്‍ നേട്ടം.

89ാം മിനിറ്റില്‍ ആര്‍തുറാണ് അഞ്ചാം ഗോള്‍ നേടിയത്. ഗോളടിക്കുന്നില്ലെന്ന ആരാധകരുടെ പരാതിക്കാണ് മെസ്സി ബാഴ്‌സയുടെ തട്ടകത്തില്‍ മറുപടി നല്‍കിയത്. അതിനിടെ റയല്‍ മാഡ്രിഡിന് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. ലെവന്റേയോടാണ് റയല്‍ തോറ്റത്. 79ാം മിനിറ്റില്‍ മോറല്‍സിന്റെ ഏക ഗോളിലൂടെയാണ് ലെവന്റേ ജയിച്ചത്. തോല്‍വിയോടെ റയലിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. അതിനിടെ ബുധനാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ നേരിടുന്നത് മുമ്പ് ഏറ്റ പരാജയം മാഡ്രിഡിനെ സമ്മര്‍ദ്ധത്തിലാക്കിയിരിക്കുകയാണ്. മറ്റ് മല്‍സരങ്ങളില്‍ വലന്‍സിയയെ റയല്‍ സോസിഡാഡ് 3-0ത്തിന് തറപ്പറ്റിച്ചു. ലെഗനീസിനെ സെല്‍റ്റാ വിഗോ 1-0ത്തിനും തോല്‍പ്പിച്ചു.


Tags:    

Similar News