30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

Update: 2020-06-26 08:41 GMT

ആന്‍ഫീല്‍ഡ്: 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തി. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി മല്‍സരത്തില്‍ സിറ്റി തോറ്റതോടെയാണ് ഏഴ് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ആദ്യം കിരീടമുറപ്പിക്കുന്ന ടീമെന്ന റെക്കോഡും ലിവര്‍പൂള്‍ സ്വന്തമാക്കി. 2000-2001 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും 2017-18 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 23 പോയിന്റിന്റെ ലീഡോടെയാണ് ചെമ്പട കിരീടം നേടിയത്.

    31 മല്‍സരങ്ങളില്‍ നിന്ന് ലിവര്‍പൂളിന്് 86 പോയിന്റാണുള്ളത്. തുടര്‍ന്നുള്ള ഏഴ് മല്‍സരങ്ങള്‍ ജയിച്ചാലും സിറ്റിക്ക് ലിവര്‍പൂളിനെ മറികടക്കാന്‍ കഴിയില്ല. സീസണില്‍ തുടക്കം മുതലേ ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന ദിവസമാണ് സിറ്റിയോട് തോറ്റ് ലിവര്‍പൂളിന് കിരീടം നഷ്ടമായത്. സീസണില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്. വാറ്റ്‌ഫോഡിനോട് 3-0ത്തിനായിരുന്നു ഈ മല്‍സരം തോറ്റത്. രണ്ട് മല്‍സരങ്ങള്‍ സമനിലയിലായിരുന്നു. കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ ഈ വര്‍ഷം പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് കോച്ച് ജര്‍മന്‍കാരനായ യോര്‍ഗെന്‍ ക്ലോപ്പാണ്.

    കൊറോണ കാലമായതിനാല്‍ ആരാധകര്‍ കിരീടനേട്ടം വീട്ടിലിരുന്ന് ആഘോഷിക്കണമെന്ന് ക്ലോപ്പ് പറഞ്ഞു. എന്നാല്‍ കിരീടം നേടിയ വാര്‍ത്തയറിഞ്ഞ ആരാധകര്‍ ആന്‍ഫീല്‍ഡില്‍ പുറത്തിറങ്ങി ആഘോഷം നടത്തി. 1990ല്‍ ആണ് ലിവര്‍പൂള്‍ അവസാനമായി ലീഗ് കിരീടം നേടിയത്. ഇന്ന് നടന്ന മല്‍സരത്തില്‍ ചെല്‍സി 2-1നാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. പുലിസിക്ക്, വില്ല്യന്‍ എന്നിവരാണ് ചെല്‍സിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ സതാംപ്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്‌സണല്‍ തോല്‍പ്പിച്ചു.

Liverpool Wins First Premier League In 30 Years



Tags:    

Similar News