പ്രീമിയര്‍ ലീഗ്: ടോട്ടന്‍ ഹാമിന് തകര്‍പ്പന്‍ ജയം; ചെല്‍സിക്കു തോല്‍വി
നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇന്ന് മോശം ദിനമായിരുന്നു. എവര്‍ട്ടണോട് 3-1ന്റെ തോല്‍വിയാണ് ചെല്‍സി നേരിട്ടത്.
ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ കുതിപ്പ് തുടരുമ്പോള്‍ ടോട്ടന്‍ഹാം ഒപ്പത്തിനൊപ്പം. ഇന്ന് ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിച്ചത്. ജയത്തോടെ ലിവര്‍പൂളിന് 46 പോയിന്റായി. ഓക്സ്ലേഡ് ചേംബര്ലിന്(35), കീറ്റാ(44), സലാഹ്(54) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ബേണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഹാരി കെയ്ന്‍(4, 54) ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് മോറാ(9), സണ്‍ ഹേങ് മിന്(32), സിസോക്കോ(74) എന്നിവരും സ്പര്‍സിനായി സ്കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ തന്നെ ടോട്ടന്‍ഹാം മൂന്ന് ഗോളിന്റെ ലീഡ് നേടിയിരുന്നു.
നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇന്ന് മോശം ദിനമായിരുന്നു. എവര്‍ട്ടണോട് 3-1ന്റെ തോല്‍വിയാണ് ചെല്‍സി നേരിട്ടത്. 14ാം സ്ഥാനക്കാരായ എവര്ട്ടണോടേറ്റ തോല്‍വി നീലപ്പടയക്ക് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള സിറ്റിയുടെ പോയിന്റിനൊപ്പം ചെല്‍സിക്കും നില്ക്കാമായിരുന്നു. വാറ്റ്ഫോഡ്-ക്രിസ്റ്റല്‍ പാലസ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.