സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; പഞ്ചാബിനെതിരേ വമ്പന്‍ തിരിച്ചുവരവ്

Update: 2026-01-22 07:41 GMT

സിലാപത്തൂര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യമല്‍സരത്തില്‍ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. ഒരു ഗോള്‍ പിന്നിട്ടുനിന്ന ശേഷം മൂന്നുഗോള്‍ തിരിച്ചടിച്ചാണ് കേരളം ജയിച്ചുകയറിയത്. മുഹമ്മദ് അജ്സല്‍ കേരളത്തിനായി ഇരട്ട ഗോളുകള്‍ നേടി.

മല്‍സരം ആരംഭിച്ചതുമുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. കേരളം പന്തടക്കത്തില്‍ മുന്നില്‍ നിന്നെങ്കിലും ആദ്യം വലകുലുക്കി കൊണ്ട് പഞ്ചാബ് ഞെട്ടിച്ചു. 27-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഒരു ഗോള്‍ വീണതോടെ കേരളം മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ആദ്യപകുതിയില്‍ തിരിച്ചടിക്കാനായില്ല.

രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച കേരളം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനിലഗോള്‍ നേടി. മനോജ് എം ആണ് വലകുലുക്കിയത്. മിനിറ്റുകള്‍ക്കകം കേരളം ലീഡുമെടുത്തു. 58-ാം മിനിറ്റില്‍ മുഹമ്മദ് അജ്സലാണ് ഗോള്‍ നേടിയത്. അപ്രതീക്ഷിതമായി പിന്നിലായിപ്പോയതിന്റെ ഞെട്ടലില്‍ നിന്ന് കരകയറും മുന്‍പേ തന്നെ മൂന്നാം ഗോളുമെത്തി. അതോടെ പഞ്ചാബിന്റെ പതനം പൂര്‍ണമായി. 62-ാം മിനിറ്റില്‍ അജ്സല്‍ തന്നെയാണ് വലകുലുക്കിയത്.



Tags: