ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്സ് ഹോം, എവേ ജേഴ്‌സികള്‍ അവതരിപ്പിച്ചു

കേരളത്തിനോടുള്ള ആദര സൂചകമായാണ് ക്ലബിന്റെ പതിവ് മഞ്ഞ, നീല നിറങ്ങളിലുള്ള പുതിയ ജേഴ്സി. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന ചക്ക, ബനാന ചിപ്സ്, ബനാന ഫ്രിറ്റേഴ്സ്, വിഷുക്കണി പൂക്കള്‍ തുടങ്ങി നിരവധി പരമ്പരാഗത ഘടകങ്ങളുടെ, കാതലായ സവിശേഷമായ മഞ്ഞ നിറവര്‍ണത്തിലൂടെ, സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തെയാണ് ജേഴ്‌സി ആഘോഷിക്കുന്നത്

Update: 2020-11-14 14:42 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനായുള്ള ഹോം എവേ ജേഴ്‌സികള്‍ അതരിപ്പിച്ചു. കേരളത്തിനോടുള്ള ആദര സൂചകമായാണ് ക്ലബിന്റെ പതിവ് മഞ്ഞ, നീല നിറങ്ങളിലുള്ള പുതിയ ജേഴ്സി. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന ചക്ക, ബനാന ചിപ്സ്, ബനാന ഫ്രിറ്റേഴ്സ്, വിഷുക്കണി പൂക്കള്‍ തുടങ്ങി നിരവധി പരമ്പരാഗത ഘടകങ്ങളുടെ, കാതലായ സവിശേഷമായ മഞ്ഞ നിറവര്‍ണത്തിലൂടെ, സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തെയാണ് ജേഴ്‌സി ആഘോഷിക്കുന്നത്. പരമ്പരാഗത സെറ്റ് മുണ്ടിനെ അല്ലെങ്കില്‍ സാരിയുടെ കരയെ പ്രതിനിധീകരിക്കുന്നതാണ് ജേഴ്സിയുടെ വീതിയിലുള്ള സമാന്തര രേഖകള്‍.

മൊത്തത്തില്‍, ജേഴ്സി ധരിക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്കും ടീം ആരാധകര്‍ക്കും എവിടെയിരുന്നാലും കേരളീയത്വം അനുഭവപ്പെടുന്ന രീതിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.വരും സീസണിനായുള്ള ക്ലബ്ബിന്റെ എവേ കിറ്റും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. മകുടം, ആന, ക്ലബ്ബിന്റെ ബാഡ്ജ്, കേരള സംസ്ഥാനം തുടങ്ങി എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച് കൃത്യതയോടെ നെയ്തെടുത്ത ജേഴ്സിയില്‍ ഓരോ ഡിസൈനിലും നീലനിറത്തെ പ്രതിധ്വനിപ്പിക്കുന്ന ഒരു സവിശേഷതയുമുണ്ട്. ബാഡ്ജ് ധരിക്കുമ്പോള്‍ ടീമിനും ആരാധകര്‍ക്കും അഭിമാനേബാധം പകരുന്നതിനുള്ള സമകാലിക വശ്യതയോടെയാണ് ഡിസൈന്‍ ക്യൂറേറ്റ് ചെയ്തതെന്നും അധികൃതര്‍ പറഞ്ഞു.

സ്വര്‍ണചിത്ര പണികളുള്ള യെല്ലോ ഹോം കിറ്റ് കേരളത്തിനുള്ള ആദരമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. നമ്മള്‍ എവിടെയിരുന്ന് ഈ ജഴ്സി ധരിച്ചാലും പ്രായം, തൊഴില്‍, സമൂഹം, സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവ മറികടന്ന് ഇത് നമ്മളെ ഓരോരുത്തരെയും ഒന്നിപ്പിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു. കേരളം (ഹോം കിറ്റ്), ആരാധകര്‍ (എവേ കിറ്റ്), കമ്മ്യൂണിറ്റി (തേര്‍ഡ് കിറ്റ്) എന്നിങ്ങനെ ഈ സീസണില്‍ ക്ലബ്ബ് പുറത്തിറക്കിയ ജേഴ്സികള്‍, കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ മൂന്ന് പ്രധാന ഘടകങ്ങളെ ആഘോഷിക്കുന്നതിനും #WhyWePlay പ്രേരണയിലും, ഐക്കണിക് ഡിസൈനുകളിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News