കൊച്ചിയില്‍ കൊമ്പന്‍മാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമോ? എതിരാളി മുംബൈ എഫ്‌സി

പരാജയപ്പെട്ട രണ്ട് മല്‍സരങ്ങളിലും മഞ്ഞപ്പട ലീഡ് എടുത്ത ശേഷമാണ് അടിയറവു പറഞ്ഞത്.

Update: 2022-10-28 04:48 GMT




കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. നാലാം റൗണ്ട് മല്‍സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ജയിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് എടികെയോടും ഒഡീഷയോടും പരാജയപ്പെടുകയായിരുന്നു. മുംബൈയാവട്ടെ ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും മികച്ച ജയത്തോടെ തിരിച്ചുവരവ് നടത്തിയിരുന്നു. രാത്രി 7.30 കൊച്ചി ജവഹര്‍ലാല്‍ നെഹ്റ്രു സ്‌റ്റേഡിയത്തിലാണ് മല്‍സരം. പരാജയപ്പെട്ട രണ്ട് മല്‍സരങ്ങളിലും മഞ്ഞപ്പട ലീഡ് എടുത്ത ശേഷമാണ് അടിയറവു പറഞ്ഞത്.


പ്രതിരോധനിരയുടെ പിഴവുകള്‍ ഇന്ന് മാറുമെന്ന പ്രതീക്ഷയിലാണ് കോച്ചും സംഘവും . മധ്യനിരയും മുന്നേറ്റവും കൂടെ മികവിലെത്തിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാം. മറുനിരയില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡയസ്സ്, മുന്‍ ജെംഷഡ്പൂര്‍ താരം ഗ്രെഗ് സ്റ്റുവര്‍ട്ട്, അഹ്‌മദ് ജുഹു എന്നിവരടങ്ങിയ വന്‍ താരനിര മഞ്ഞപ്പടയ്ക്ക് ഭീഷണി ഉയര്‍ത്തും. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഒഡീഷാ എഫ് സി ബെംഗളൂരിനെ പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്.




Tags: