ഗോട്ട് ടൂര്‍; മെസിക്കൊപ്പം 15 മിനിറ്റ്, ഫീസ് പത്തു ലക്ഷം രൂപ

Update: 2025-12-12 06:25 GMT

ഹൈദരാബാദ്: ആരാധകരുടെ ആകാംക്ഷകള്‍ക്കൊടുവില്‍ അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി നാളെ കൊല്‍ക്കത്തയില്‍ എത്തുകയാണ്. താരത്തെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മെസിയുമായി സംസാരിക്കാനും ആരാധകര്‍ക്ക് അവസരമുണ്ട്, 10 ലക്ഷം രൂപ നല്‍കിയാല്‍ 15 മിനിറ്റ് ഇതിഹാസവുമായി സംസാരിക്കാനും ആശംസകള്‍ നേരാനും കഴിയും.

നാളെ വൈകീട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം. മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മല്‍സരത്തില്‍ കളിക്കുന്നുണ്ട്. 38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2250 രൂപ മുതല്‍ 9000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. തെലങ്കാന സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌കാരിക, കായിക വകുപ്പുകളുടെ സ്പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ മെസിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.

ഈ മാസം 13, 14, 15 തിയ്യതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി നാളെ പുലര്‍ച്ചെ 1.30നാണ് മെസി കൊല്‍ക്കത്തിയില്‍ വിമാനം ഇറങ്ങുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.




Tags: