ലോകകപ്പ് യോഗ്യത; ബ്രസീലിന് വന്‍ ജയം; അര്‍ജന്റീനയ്ക്ക് സമനില

ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് ലോകകപ്പിനായി യോഗ്യത നേടിയത്.

Update: 2022-03-30 02:07 GMT


സാവോപോളോ: ലാറ്റിന്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ അര്‍ജന്റീനയക്ക് സമനില. ഇന്ന് നടന്ന മല്‍സരത്തില്‍ ബൊളീവിയക്കെതിരേ നാല് ഗോളിന്റെ ജയമാണ് കാനറികള്‍ നേടിയത്. റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബ്രുണോ ഗുമാറെസ്, ഗബ്രിയല്‍ മാര്‍ട്ടിനെല്ലി എന്നിവരും മഞ്ഞപ്പടയ്ക്കായി വലകുലിക്കി. നെയ്മറും വിനീഷ്യസ് ജൂനിയറും ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങിയത്. നേരത്തെ ലോകകപ്പ് യോഗ്യത നേടിയ ബ്രസീല്‍ ഗ്രൂപ്പില്‍ 45പോയിന്റുമായി ഒന്നാമതാണ്.


  ഗ്രൂപ്പില്‍ 39 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്റീന ഇക്വഡോറിനോട് സമനില വഴങ്ങി. 1-1നാണ് മല്‍സരം അവസാനിച്ചത്. 24ാം മിനിറ്റില്‍ ജൂലിയാന്‍ അല്‍വാരെസ് ആണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇഞ്ചുറി ടൈമിലാണ് എനര്‍ വലന്‍സിയ ഇക്വഡോറിന്റെ സമനില ഗോള്‍ നേടിയത്.ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് ലോകകപ്പിനായി യോഗ്യത നേടിയത്.




Tags: