യൂറോപ്പാ ലീഗ്; ചെല്‍സിയും ആഴ്സണലും പ്രീക്വാര്‍ട്ടറില്‍

Update: 2019-02-22 05:36 GMT

മാല്‍മോ: സ്വീഡിഷ് ക്ലബ്ബായ മാല്‍മോയെ തോല്‍പ്പിച്ച് ചെല്‍സിയും ബെലാറഷ്യന്‍ ക്ലബ്ബായ ബേറ്റിനെ തോല്‍പ്പിച്ച് ആഴ്സണലും യൂറോപ്പാ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 5-1ന്റെ ജയമാണ് ചെല്‍സി നേടിയത്. ആദ്യപാദത്തില്‍ 2-1ന്റെ ജയം നേടിയ ചെല്‍സി 3-0 ത്തിനാണ് രണ്ടാം പാദമല്‍സരം ജയിച്ചത്. ജിറൗഡ്(55), ബര്‍ക്കലേ(74), ഹുഡ്സണ്‍ ഒഡോയി(84) എന്നിവരാണ് ചെല്‍സിയ്ക്കായി ഗോള്‍ നേടിയത്. പുറത്താക്കല്‍ ഭീഷണി നേരിടുന്ന ചെല്‍സി കോച്ച് മൗറിസിയോ സാരിയുടെ ഉഗ്രന്‍ തിരിച്ചുവരവിനാണ് കഴിഞ്ഞ മല്‍സരം സാക്ഷ്യയായത്. ലീഗ് മല്‍സരങ്ങളിലെ തോല്‍വിയും ചാംപ്യന്‍സ് ലീഗിലെ തോല്‍വിയും സാരിയുടെ പുറത്താക്കലിന് ഭീഷണിയായിരുന്നു.ഇതിനിടെയാണ് ടീമിന് സാരി മികച്ച വിജയം നല്‍കിയത്. ഞായറാഴ്ച ടീം കാര്‍ബോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. തുടര്‍ന്നുള്ള ആഴ്ച പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരേയും ടീം കളിക്കും. ഈ രണ്ടു മല്‍സരങ്ങളും സാരിക്ക് നിര്‍ണ്ണായകമാണ്.രണ്ടാം പാദത്തില്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയാണ് ആഴ്സണല്‍ 3-1ന്റെ ജയം നേടിയത്. ആദ്യപാദത്തില്‍ ബേറ്റിനോട്1-0ത്തിന് ആഴ്സണല്‍ തോറ്റിരുന്നു. രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ നേടിയാണ് ആഴ്സണല്‍ അവസാന 16ല്‍ ഇടം നേടിയത്. വോള്‍ക്കോവ്(4), മുസ്തഫി(39), പപ്പാസ്തോ പൗലോസ്(60) എന്നിവരാണ് ആഴ്സണലിന്റെ ഗോളുകള്‍ നേടിയത്. മറ്റു മല്‍സരങ്ങളില്‍ സ്പോര്‍ട്ടിങിനെതിരേ വിയ്യാറലും(21), സൂറിച്ചിനെതിരേ നപ്പോളിയും(51), സെല്‍റ്റിക്കിനെതിരേ വലന്‍സിയയും(30) ജയിച്ചു.

Tags:    

Similar News