മൊഹ്സിന്‍ നഖ് വിക്ക് ചിരിച്ചുകൊണ്ട് സൂര്യകുമാര്‍ കൈകൊടുത്തു, ഇപ്പോള്‍ ദേശസ്നേഹ നാടകം'; ശിവസേന നേതാവ്

Update: 2025-09-29 17:33 GMT

മുംബൈ: പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വിക്ക് കൈകൊടുക്കുന്ന ഇന്ത്യന്‍ ട്വന്റി-20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വീഡിയോ പുറത്തുവിട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി ശിവസേന നേതാവ്. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്താണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് മുമ്പായി നടന്ന ചടങ്ങിനിടയിലെ വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീം ദേശസ്നേഹ നാടകം കളിക്കുകയാണെന്നാണ് റാവുത്തിന്റെ ആരോപണം. യഥാര്‍ഥത്തില്‍ രാജ്യത്തോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുകയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍, 15 ദിവസം മുമ്പ്, അദ്ദേഹം (സൂര്യകുമാര്‍) പാകിസ്താന്‍ മന്ത്രിക്ക് ചിരിച്ചുകൊണ്ട് കൈകൊടുത്തു. ഒന്നിച്ച് ചിത്രങ്ങളെടുത്തു. എന്നിട്ടിപ്പോള്‍ അവര്‍ രാജ്യത്തിനുമുന്നില്‍ ദേശസ്നേഹത്തിന്റെ നാടകം കളിക്കുകയാണ്. അവരുടെ രക്തത്തില്‍ ശരിക്കും ദേശീയത ഉണ്ടായിരുന്നെങ്കില്‍ അവര്‍ പാകിസ്താനെതിരേ കളത്തിലിറങ്ങാന്‍ പാടില്ലായിരുന്നു', വീഡിയോ പോസ്റ്റ് ചെയ്ത് റാവുത്ത് കുറിച്ചു.

ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ കളിച്ചപ്പോഴെല്ലാം പാക് താരങ്ങളുമായി യാതൊരു ബന്ധവും കാണിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല. പാക് താരങ്ങള്‍ക്ക് കൈകൊടുക്കാതിരുന്നതു കാരണം ഹസ്തദാന വിവാദവുമുണ്ടായി. ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച ശേഷം മൊഹ്സിന്‍ നഖ്വിയുടെ കൈയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്നും ടീം നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് റാവുത്ത് ആരോപിച്ചത്.





Tags: