ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍, ടീമില്‍ നിന്നും പിന്‍വാങ്ങി നാട്ടിലേക്ക്
സിഡ്‌നി: ഓസ്‌ട്രേലിയ എ ടീമിനെതിരായി സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍. ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും താരം അറിയിച്ചു. തുടര്‍ന്ന് അയ്യര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായും റിപോര്‍ട്ട് ഉണ്ട്. ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം ഫസ്റ്റ് ക്ലാസ്സ് മല്‍സരത്തിന് തൊട്ടുമുമ്പാണ് താരത്തിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് താരം ബിസിസിഐയെ അറിയിച്ചു. ശ്രേയസ് അയ്യരുടെ പിന്‍മാറ്റത്തോടെ ധ്രുവ് ജുറേല്‍ ടീമിന്റെ ക്യാപ്റ്റനാവും. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ താരത്തിന് വേണ്ടത്ര തിളങ്ങാന്‍ ആയിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലായി താരം എട്ട്, 13 റണ്‍സുകളാണ് നേടിയത്. മിന്നും ഫോമിലുണ്ടായിരുന്ന ശ്രേയസ് അയ്യരെ അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിലും ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നില്ല. ഉടന്‍ ആരംഭിക്കാനിരിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പരമ്പരയിലെങ്കിലും ഇടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു അയ്യര്‍. എന്നാല്‍ ഓസിസിനെതിരേ തിളങ്ങാന്‍ ആവാത്തത് താരത്തിന് തിരിച്ചടിയാവും.