രോഹിത്ത് ശര്‍മ്മ കരിയറിലാദ്യമായി ഏകദിന റാങ്കിങില്‍ ഒന്നാമത്

Update: 2025-10-29 17:12 GMT

കാന്‍ബെറ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ സെഞ്ചുറിയും നേടിയാണ് രോഹിത് റാങ്കിങില്‍ നമ്പര്‍ വണ്ണായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് തലപ്പത്തേക്ക് മുന്നേറിയത്. ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന് മുമ്പ് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

രോഹിത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 781 റേറ്റിംഗ് പോയിന്റുമായാണ് ഒന്നാമതെത്തിയത്. ഗില്‍ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി, 745 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സാദ്രാന്‍ 764 റേറ്റിംഗ് പോയിന്റുമായി ഏകദിന റാങ്കിംങില്‍ രണ്ടാം സ്ഥാനത്താണ്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരായിരുന്നു രോഹിതിന്റെ മികച്ച പ്രകടനം പിറന്നത്.

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം, താരം ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി. പരമ്പരയില്‍ 202 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. പെര്‍ത്തിലെ 8 (14) റണ്‍സിന്റെ പരാജയ പ്രകടനത്തിന് ശേഷം, അഡ്ലെയ്ഡില്‍ 97 പന്തില്‍ നിന്ന് 73 റണ്‍സും സിഡ്നിയില്‍ 121* (125) റണ്‍സും രോഹിത് നേടി. ഐസിസി ഏകദിന ബാറ്റിങ് റാങ്കിങില്‍ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായമേറിയ താരമാണ് രോഹിത് ശര്‍മ്മ.

റാങ്കിങില്‍ ഒരു സ്ഥാനം പിന്നോട്ട് പോയെങ്കിലും ഇന്ത്യയുടെ വിരാട് കോഹ് ലിയും ആദ്യ പത്തില്‍ തുടരുന്നു. 725 റേറ്റിങ് പോയിന്റുമായി കോഹ്‌ലി നിലവില്‍ ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്. ആദ്യ പത്തില്‍ രോഹിത്തും ഗില്ലും കോഹ് ലിയും ശ്രേയസുമാണ് ഇന്ത്യന്‍ സാന്നിധ്യം. ബൗളിങ് റാങ്കിങില്‍ കുല്‍ദീപ് യാദവ് ആറാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് വീണു.





Tags: