ട്വന്റി-20ക്ക് പിന്നാലെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്ത് ശര്‍മ്മ

Update: 2025-05-07 16:02 GMT

മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏകദിനത്തില്‍ തുടരുമെന്നും രോഹിത് പറഞ്ഞു.ട്വന്റി-20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്വന്റി-20യില്‍ നിന്നും വിരമിച്ചിരുന്നു. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ള വസ്ത്രത്തില്‍ എന്റെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇനിയും രാജ്യത്തിനായി ഞാന്‍ കളിക്കാനിറങ്ങും'- രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2024-25 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായപ്പോള്‍ തന്നെ, രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഐപിഎലിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനുണ്ട്. ഈ പരമ്പരയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റനു കീഴില്‍ ഇറങ്ങും.

ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളാണ് 38 കാരനായ രോഹിത്. 67 ടെസ്റ്റുകളില്‍ നിന്നായി താരം 4301 റണ്‍സ് നേടി, 12 സെഞ്ചുറികളും 18 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പടെുന്നു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് പരമ്പര കൈവിട്ടിരുന്നു. തുടര്‍ച്ചയായി നിറം മങ്ങിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. അതിനു മുന്‍പ് നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ വൈറ്റ് വാഷ് തോല്‍വി വഴങ്ങിയതും രോഹിത് ശര്‍മയ്ക്കു നിരാശയായി.








Tags: