പാകിസ്താനെ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കും, ഏഷ്യാ കപ്പും പോകും: ഐസിസിയുടെ മുന്നറിയിപ്പ്
ദുബായ്: ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്ന് പിന്‍മാറിയാല്‍പാകിസ്താനെ കാത്തിരിക്കുന്നത് കടുത്ത നടപടികളെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ പരസ്യമായി പിന്തുണച്ചും ഐസിസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും രംഗത്തെത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ പ്രസ്താവനകളാണ് ഐസിസിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് പിന്നാലെ പാകിസ്താനും ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍, പാക് ക്രിക്കറ്റിനെ തകര്‍ക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയത്.
ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പാകിസ്താന്‍ നല്‍കിയ പിന്തുണ ഐസിസി ഗൗരവമായാണ് കാണുന്നത്. പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചാല്‍ താഴെ പറയുന്ന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഉഭയകക്ഷി പരമ്പരകള്‍ക്ക് വിലക്ക്: മറ്റ് രാജ്യങ്ങളുമായി പാകിസ്താന്‍ നടത്തുന്ന എല്ലാ മല്‍സരങ്ങളും സസ്‌പെന്‍ഡ് ചെയ്യും.
ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കും: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകളില്‍ പാകിസ്താനെ പങ്കെടുപ്പിക്കില്ല.
പിഎസ്എല്‍ പ്രതിസന്ധി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കളിക്കാന്‍ വിദേശ താരങ്ങള്‍ക്ക് മറ്റ് ബോര്‍ഡുകള്‍ എന്‍ഒസി നല്‍കുന്നത് തടയും.
