ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ ലങ്ക; പാകിസ്താന്‍ പത്തി മടക്കി

പാകിസ്താനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ലങ്ക ചാംപ്യന്‍മാരായത്.

Update: 2022-09-11 17:59 GMT


ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ലങ്ക ചാംപ്യന്‍മാരായത്.ശ്രീലങ്കയുടെ ആറാം ഏഷ്യാ കപ്പ് ചാംപ്യന്‍ഷിപ്പാണിത്. നാല് വിക്കറ്റെടുത്ത മധുഷന്‍, മൂന്ന് വിക്കറ്റ് നേടിയ ഹസരങ്ക, രണ്ട് വിക്കറ്റെടുത്ത കരുണരത്‌നെ എന്നിവരാണ് പാക് ബാറ്റിങ് നിരയെ വരിഞ്ഞ് കെട്ടിയത്.171 റണ്‍സായിരുന്നു പാകിസ്താന്റെ ലക്ഷ്യം. എന്നാല്‍ 20 ഓവറില്‍ 147 റണ്‍സിന് പാകിസ്താനെ ശ്രീലങ്ക കൂടാരം കയറ്റി. റിസ്വാനും (55), ഇഫ്തിഖാറും (32) ആണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍മാര്‍.


ക്യാപ്റ്റന്‍ ബാബര്‍ അസം (5) ഏഷ്യാ കപ്പിലെ അവസാന മല്‍സരത്തിലും നിരാശനായി മടങ്ങി. ഫഖറിനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി.ബാബര്‍, ഫഖര്‍, ഇഫ്തിക്കര്‍ എന്നീ മൂന്ന് വലിയ വിക്കറ്റുകള്‍ നേടിയാണ് മധുഷനക പാകിസ്താന്‍ പൂട്ടാന്‍ തുടങ്ങിയത്. റിസ്വാന്റെ വിക്കറ്റ് ഹസരന്‍ങ്കയ്ക്കാണ്. 22 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് പാകിസ്താന് നഷ്ടപ്പെട്ടിരുന്നു. റിസ്വാനും ഇഫ്തിഖറും ചേര്‍ന്നാണ് പിന്നീട് പാകിസ്താനെ കരകയറ്റിയത്. 93 റണ്‍സ് എത്തി നില്‍ക്കെ ഇഫ്തിഖറും പുറത്ത്. തുടര്‍ന്ന് പാകിസ്താന്റെ വിക്കറ്റുകള്‍ ഓരോന്നായി കൊഴിയാന്‍ തുടങ്ങി. 110 റണ്‍സിലെത്തി നില്‍ക്കെ പാകിസ്താന്റെ വന്‍മതിലായ റിസ്വാനും പുറത്ത്. ഇതോടെ അവരുടെ പ്രതീക്ഷ നഷ്ടമായി.തുടര്‍ന്ന് വന്നവരില്‍ റൗഫ് (13) മാത്രമാണ് പിടിച്ചുനിന്നത്. ബാക്കിയുള്ളവര്‍ പെട്ടെന്ന് പുറത്തായതോടെ ലങ്കന്‍ ജയം അനായാസമായി.


 ടോസ് ലഭിച്ച പാകിസ്താന്‍ ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 170 റണ്‍സ് നേടി.ആദ്യം തകര്‍ന്ന ശ്രീലങ്കയെ രക്ഷിച്ചത് രാജപക്‌സെ (71), ഹസരന്‍ങ്ക (136) എന്നിവര്‍ ചേര്‍ന്നാണ്. കരുണരത്‌നെയും പുറത്താവാതെ 14 റണ്‍സെടുത്തു.മൂന്നാമനായിറങ്ങിയ ഡി സില്‍വ 28 റണ്‍സും നേടി.







Tags:    

Similar News