സച്ചിന്റെ 29 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് നേപ്പാളി കൗമാരതാരം

ദുബയ് ഐസിസി അക്കാദമിയില്‍ മൂന്നുമല്‍സരങ്ങളുള്ള ഏകദിന പരമ്പരയിലെ രണ്ടാംമല്‍സരത്തില്‍ യുഎഇക്കെതിരേയാണ് 16 വയസ്സും 146 ദിവസവും പ്രായമുള്ള പോഡല്‍ അര്‍ധസെഞ്ച്വറി നേടിയത്

Update: 2019-01-26 19:29 GMT

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 29 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് കൗമാരതാരം. നേപ്പാളിലെ രോഹിത് കുമാര്‍ പോഡലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ക്രിക്കറ്റ് ചരിത്രപുസ്തകത്തില്‍ ഇടം നേടിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും പാകിസ്താന്‍ വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദിയുടെയും റെക്കോഡുകളാണ് തകര്‍ത്തത്. ദുബയ് ഐസിസി അക്കാദമിയില്‍ മൂന്നുമല്‍സരങ്ങളുള്ള ഏകദിന പരമ്പരയിലെ രണ്ടാംമല്‍സരത്തില്‍ യുഎഇക്കെതിരേയാണ് 16 വയസ്സും 146 ദിവസവും പ്രായമുള്ള പോഡല്‍ അര്‍ധസെഞ്ച്വറി നേടിയത്. 58 പന്തില്‍ 55 റണ്‍സാണു സമ്പാദ്യം. സച്ചിനു 16 വയസ്സും 213 ദിവസവും പ്രായമുള്ളപ്പോള്‍ പാകിസ്താനെതിരേ ഫൈസലാബാദില്‍ നേടിയ അര്‍ധസെഞ്ച്വറി റെക്കോഡാണ് പഴങ്കഥയായത്. ശ്രീലങ്കയ്‌ക്കെതിരേ 37 പന്തില്‍ സെഞ്ച്വറി നേടി ലോക റെക്കോഡിട്ടപ്പോള്‍ ഷാഹിദ് അഫ്രീദിക്ക് 16 വയസ്സും 217 ദിവസവുമാണ് പ്രായം. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധസെഞ്ച്വറിക്കാരനായി രോഹിത് പോഡല്‍ മാറി. മല്‍സരത്തില്‍ നേപ്പാള്‍ യുഎഇയെ 145 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ ഒമ്പത് വിക്കറ്റിന് 242 റണ്‍സെടുത്തപ്പോള്‍ യുഎഇ 19.3 ഓവറില്‍ 97ന് ഓള്‍ ഔട്ടായി.

2018 ആഗസ്തില്‍ പോഡല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ ലോക റെക്കോഡായിരുന്നു. 15 വയസ്സും 335 ദിവസവും പ്രായമുണ്ടായിരുന്ന പോഡല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാരനായി മാറി. നേപ്പാള്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിശേഷിപ്പിക്കപ്പെടുന്ന പോഡല്‍, 2016ല്‍ ഇന്ത്യന്‍ പേസര്‍ കമലേഷ് നഗര്‍കോതിയെ ഏകദിനത്തില്‍ അഞ്ച് പന്തില്‍ നിന്ന് 24 റണ്‍സെടുത്തിരുന്നു.





Tags: