ഏകദിന ലോകകപ്പിന് ശേഷം ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍

36കാരനായ രോഹിത്ത് ശര്‍മ്മ ഈ വര്‍ഷത്തെ ഏകദിനത്തോടെ വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Update: 2023-01-19 15:24 GMT


മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം രോഹിത്ത് ശര്‍മ്മ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. രോഹിത്തിന് പകരം ട്വന്റി-20 ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവും. നിലവിലെ ഏകദിന വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ പിന്തള്ളിയാണ് ഹാര്‍ദ്ദിക്കിന്റെ രംഗപ്രവേശനം. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ നീക്കിയേക്കും. പകരം കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവും. രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നീ സീനിയര്‍ താരങ്ങളെ ട്വന്റി-20യില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി കൊണ്ട് ഉടന്‍ ഉത്തരവിറക്കും. കഴിഞ്ഞ മൂന്ന് പരമ്പരകളിലും രോഹിത്തടക്കമുള്ള സീനിയര്‍ താരങ്ങളെ ട്വന്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ മോശം ഫോമിലുള്ള രാഹുലിനെ ഒഴിവാക്കിയാണ് ഹാര്‍ദ്ദിക്ക് പാണ്ഡെയെ ഏകദിന വൈസ് ക്യാപ്റ്റനാക്കിയത്. 36കാരനായ രോഹിത്ത് ശര്‍മ്മ ഈ വര്‍ഷത്തെ ഏകദിനത്തോടെ വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രോഹിത്തിന്റെ ഫോമും മോശം നിലയില്‍ തുടരുകയാണ്.





Tags:    

Similar News