പാകിസ്താനെ കളിച്ചാണു തോല്‍പിക്കേണ്ടതെന്നു സുനില്‍ ഗാവസ്‌കര്‍

Update: 2019-02-22 03:51 GMT

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുക അല്ല, മറിച്ചു അവരെ കളിച്ചു പരാജയപ്പെടുത്തിയാണു മറുപടി നല്‍കേണ്ടതെന്നു ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ നിന്നു ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണു ഗവാസക്‌റുടെ പ്രസ്താവന. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്ന് പിന്‍മാറിയാല്‍ നഷ്ടം ഇന്ത്യക്കു തന്നെയായിരിക്കും. ലോകകപ്പ് സെമിയെക്കുറിച്ചോ ഫൈനലിനെക്കുറിച്ചോ അല്ല ഞാനിത് പറയുന്നത്. ആദ്യ മല്‍സരത്തെകുറിച്ചാണ്. ഇന്ത്യ മല്‍സരം ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാനു രണ്ടു പോയിന്റ് ലഭിക്കും. കളത്തിലിറങ്ങാതെ അവര്‍ക്കു രണ്ടു പോയിന്റാണ് ഇതിലൂടെ ലഭിക്കുക. ഇക്കാര്യത്തില്‍ നാം കുറച്ചുകൂടി പക്വതയോടെ ചിന്തിക്കണം. അതിനാല്‍ കളിച്ചു പരാജയപ്പെടുത്തിയാണു ലോകകപ്പിലെ പാകിസ്ഥാന്റെ മുന്നേറ്റം തടയേണ്ടത്. പാക്കിസ്ഥാനെ പുറത്താക്കണമെന്ന് ഐസിസിയോട് ഇന്ത്യ ആവശ്യപ്പെട്ടാലും നടക്കില്ല. ഈ ആവശ്യം മറ്റു രാജ്യങ്ങള്‍ അംഗീകരിക്കില്ല. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമായാണ് മറ്റു രാജ്യങ്ങള്‍ സംഭവങ്ങളെ കാണുകയെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയാക്കാന്‍ നടപടികള്‍ എടുക്കണമെന്നു സുഹൃത്തും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനോട് ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News