ട്വന്റി-20 ലോകകപ്പിനെത്തിയ ടീമുകള്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താം; ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി ഐസിസി

Update: 2026-03-07 16:04 GMT

മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആകാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ടീമുകള്‍ക്ക് ആശ്വാസം. താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഐ സി സി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി. സംഘര്‍ഷം കാരണം അന്താരാഷ്ട്ര വിമാനകമ്പനികള്‍ അവരുടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിമാനം ഐസിസി ഒരുക്കിയത്.

ഇന്ത്യയ്ക്കെതിരായ സെമിഫൈനലില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് ടീം ആകും ആദ്യം യാത്ര തിരിക്കുക. ശനിയാഴ്ച രാത്രി മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാനത്തില്‍ ടീം മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും കൊല്‍ക്കത്തയില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനത്തിലായിരിക്കും മടങ്ങുക. ഈ വിമാനം ആദ്യം ജോഹന്നസ്ബര്‍ഗിലേക്കാണ് പോകുക. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ടീമംഗങ്ങള്‍ അവിടെ നിന്ന് ആന്റിഗ്വയിലേക്കുള്ള മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിക്കും.

ഗള്‍ഫ് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പല രാജ്യങ്ങളും അവരുടെ വ്യോമപാതകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ലോകകപ്പ് കളിക്കാനായി ഇന്ത്യയില്‍ എത്തിയ പല ടീമുകളും ദുബായ് വഴിയാണ് മടക്കയാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ഈ റൂട്ട് ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ടീമുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഐസിസി പ്രത്യേക വിമാനം ഒരുക്കിയതെന്നാണ് റിപോര്‍ട്ടുകള്‍.





Tags: