ബിസിസിഐക്കെതിരേ ഗുരുതരമായ ആരോപണവുമായി മുന്‍ മാച്ച് റഫറി;'ഇത് ടീം ഇന്ത്യയാണ്, പിഴ ചുമത്തരുത്', ഫോണ്‍ കോള്‍ വന്നു
ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ആധിപത്യത്തെക്കുറിച്ച് മുന്‍ മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ തുറന്നുപറച്ചില്‍ വിവാദമാകുന്നു. ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവുകൂടിയായ ക്രിസ് ബ്രോഡ് ഇന്ത്യയാണ് ഐസിസിയെ നിയന്ത്രിക്കുന്നതെന്ന് ആരോപിച്ചു. ഐസിസിയില്‍ മാച്ച് റഫറിയായി ജോലി ചെയ്തിരുന്നപ്പോള്‍, കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് പിഴ ചുമത്തരുതെന്ന് നിര്‍ദേശിച്ചു കൊണ്ടു തനിക്കു ഫോണ്‍ കോള്‍ ലഭിച്ചതായി ബ്രോഡ് അവകാശപ്പെട്ടു.
'കളിയുടെ അവസാനം, ഇന്ത്യ മൂന്നോ നാലോ ഓവറുകള്‍ക്കു പിന്നിലായിരുന്നു. തീര്‍ച്ചയായും പിഴ ഈടക്കേണ്ടി വരും. അതു സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചെയ്യുന്നത്. എന്നാല്‍ എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഇതു ടീം ഇന്ത്യയാണ്. അതനുസരിച്ച് പെരുമാറുക എന്നായിരുന്നു. ഫോണ്‍ കോളിന് ശേഷം, സമയം കണക്കാക്കുന്നതില്‍ ഞാന്‍ ഒരു റിസ്‌ക് എടുത്തു, ഇന്ത്യന്‍ ടീമിന് പിഴ ചുമത്തിയില്ല.
എന്നാല്‍ അടുത്ത മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ടീം വീണ്ടും സ്ലോ ഓവര്‍ റേറ്റില്‍ കുടുങ്ങി. പക്ഷേ ഗാംഗുലി ഉള്‍പ്പെട്ട മത്സരത്തില്‍, താന്‍ നിയമങ്ങള്‍ പാലിക്കുകയും ടീമിനെ ശിക്ഷിക്കുകയും ചെയ്‌തെന്നും ബ്രോഡ് വ്യക്തമാക്കി. അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് താന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഗൗനിച്ചില്ല. അതോടെയാണ് പിഴയിട്ടത്.
2024-ല്‍ ക്രിസ് ബ്രോഡ് മാച്ച് റഫറി സ്ഥാനം രാജിവച്ചു. കളിയില്‍ വളരെയധികം രാഷ്ട്രീയം കലര്‍ന്നിരിക്കുന്നുവെന്നും, രാഷ്ട്രീയ പ്രത്യാഘാതങ്ങളെ അടിസ്ഥാനമാക്കിയാണ് ആളുകള്‍ ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം തന്റെ അഭിമുഖത്തില്‍ പറഞ്ഞു. ബിസിസിഐക്ക് പണമുണ്ട്, പ്രായോഗികമായി ഐസിസിയുടെ നിയന്ത്രണവും ഏറ്റെടുത്തിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ഇല്ലാത്തതില്‍ എനിക്ക് സന്തോഷമുണ്ട്, കാരണം മുന്‍പത്തേക്കാള്‍ കൂടുതലായി രാഷ്ട്രീയ ഇടപെടലുകളുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്വാധീനം വളരെ വലുതാണെന്നും കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ പോലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഉന്നതര്‍ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം ക്രിസ് ബ്രോഡ് 123 ഏകദിനങ്ങളിലും 361 ടെസ്റ്റുകളിലും 138 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. ഇംഗ്ലണ്ടിനായി 25 ടെസ്റ്റുകളിലും 34 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ കൊളംബോയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

