മൂന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ക്കു കൊവിഡ്; ദക്ഷിണാഫ്രിക്കയില്‍ ഏഴു പേര്‍ക്കും രോഗം

Update: 2020-06-23 05:41 GMT

ഇസ്‌ലാമബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണു രോഗം ബാധിച്ചതെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഞായറാഴ്ച റാവല്‍പിണ്ടിയിലാണ് പാക് താരങ്ങളുടെ കൊവിഡ് ടെസ്റ്റ് നടത്തിയത്. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണു വിവരം. ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായിട്ടാണു പരിശോധന. രോഗബാധ സ്ഥിരീകരിച്ച താരങ്ങള്‍ സ്വയം നിരീക്ഷണത്തില്‍ പോവാന്‍ ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കല്‍ പാനല്‍ നിര്‍ദേശിച്ചു. ഇവര്‍ക്കൊപ്പം ഇമാദ് വാസിം, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ക്കും പരിശോധന നടത്തിയെങ്കിലും ഇരുവരുടെ ഫലം നെഗറ്റീവായിരുന്നു. ഇരുവരും ഇംഗ്ലണ്ടിലേക്ക് തിരിക്കും. മുതിര്‍ന്ന താരം ഷുഐബ് മാലിക്ക്, ബൗളിങ് പരിശീലകന്‍ വഖാര്‍ യൂനുസ് എന്നിവരൊഴികെ മറ്റുള്ളവരെല്ലാം പരിശോധനയ്ക്കു വിധേയരായെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇവരുടെ പരിശോധനാ ഫലം നാളെ ലഭിക്കും.

    അതേസമയം, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കിടയില്‍ നടത്തിയ മാരത്തണ്‍ പരിശോധനയില്‍ ഏഴുപേരുടെ ഫലവും പോസിറ്റീവാണെന്നു കണ്ടെത്തി. അംഗീകൃത ജീവനക്കാര്‍, കരാറുള്ള ചില പ്രൊഫഷനല്‍ താരങ്ങള്‍, പരിശീലനം പുനരാരഭിച്ച ഫ്രാഞ്ചൈസി താരങ്ങള്‍ എന്നിവരെയെല്ലാം പരിശോധിച്ചിട്ടുണ്ട്. പോസിറ്റീവാണെന്ന് കണ്ടെത്തിയ ഏഴുപേരെ കുറിച്ചുള്ള വിവരങ്ങള്‍ ദക്ഷിണാഫ്രിക്ക പുറത്തുവിട്ടിട്ടില്ല. പോസിറ്റീവാണെന്ന് കണ്ടെത്തിയവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ തങ്ങളുടെ മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.

    അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ പാകിസ്താനിലെ മൂന്നു മുന്‍നിര താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത് ക്രിക്കറ്റ് ലോകത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. യുകെയില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് മൂന്നു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്. വിന്‍ഡീസ് ടീം ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കും മുമ്പ് കൊവിഡ് പരിശോധനയ്ക്കു വിധേയരായിക്കിയപ്പോള്‍ എല്ലാവരുടെയും ഫലവും നെഗറ്റീവായിരുന്നു. ഇംഗ്ലണ്ട് വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ്.

covid confirmed to three Pakistani players and seven in South Africa




Tags: