ബിസിസിഐ വാര്‍ഷിക കരാര്‍; രോഹിത് ശര്‍മയെയും വിരാട് കോഹ് ലിയെയും ബി വിഭാഗത്തിലേക്കു തരം താഴ്ത്തി; സഞ്ജു സി ഗ്രൂപ്പില്‍
മുംബൈ: ട്വന്റി-20 ലോകകപ്പിനു തൊട്ടുമുന്‍പ്, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക കരാറിന്റെ വിവരങ്ങള്‍ പുറത്ത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന രോഹിത് ശര്‍മയെയും വിരാട് കോഹ് ലിയെയും ബി വിഭാഗത്തിലേക്കു താഴ്ത്തിയെന്നാണു വിവരം. കഴിഞ്ഞ വര്‍ഷം എ പ്ലസ് വിഭാഗത്തിലായിരുന്നു ഇരുവരും. കരാറിലെ എ പ്ലസ് എന്ന വിഭാഗം തന്നെ പൂര്‍ണമായും വേണ്ടെന്നുവച്ച ബിസിസിഐ, എ,ബി,സി വിഭാഗങ്ങളിലേക്കു താരങ്ങളെ ചുരുക്കിയതായും റിപോര്‍ട്ടുകളുണ്ട്. കരാര്‍ സംബന്ധിച്ചു വിശദാംശങ്ങള്‍ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഗ്രൂപ്പ് എയില്‍ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രൂപ്പിലാണ്. അതേസമയം ഇഷാന്‍ കിഷന്റെ പേര് ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ കാണാനില്ല. യുവതാരങ്ങളായ ഋഷഭ് പന്തും യശസ്വി ജയ്‌സ്വാളും ബി ഗ്രൂപ്പിലാണ്. ശ്രേയസ് അയ്യരും ബി ഗ്രൂപ്പില്‍ ഇടം കണ്ടെത്തി.