ചാംപ്യന്‍സ് ലീഗ്; ക്വാര്‍ട്ടറിന് ഇന്ന് തുടക്കം; നെയ്മര്‍ പ്രതീക്ഷയില്‍ പിഎസ്ജി

സീസണില്‍ മൂന്ന് കിരീടം നേടിയ പിഎസ്ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും നെയ്മറിലാണ്.

Update: 2020-08-12 09:52 GMT

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ലിസ്ബണിലാണ് ചാംപ്യന്‍സ് ലീഗിലെ അവസാന 11 മല്‍സരങ്ങള്‍ അരങ്ങേറുക. കൊറോണയെ തുടര്‍ന്ന് പതിവിന് വിപരീതമായി ഇനിയുള്ള മല്‍സരങ്ങള്‍ ഒരു പാദമായിട്ടാണ് നടക്കുക. ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി അറ്റ്‌ലാന്റയെ നേരിടും.

സീസണില്‍ മൂന്ന് കിരീടം നേടിയ പിഎസ്ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും നെയ്മറിലാണ്. പരിക്ക് മാറി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യനിര താരം വെറാറ്റി, പ്രതിരോധ താരം ഡി മരിയ എന്നിവര്‍ ഇന്ന് കളിക്കില്ല. പരിക്കിന്റെ പിടിയിലുള്ള ഇക്കാര്‍ഡി ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ഇറ്റാലിയന്‍ സീരി എയില്‍ മിന്നും പ്രകടനത്തോടെ സീസണ്‍ അവസാനിപ്പിച്ചാണ് അറ്റ്‌ലാന്റയുടെ വരവ്. ലീഗില്‍ ഗോള്‍ സ്‌കോറിങിലും വന്‍ റെക്കോര്‍ഡുമായാണ് അറ്റ്‌ലാന്റ ലിസ്ബണില്‍ ഇറങ്ങുക. അവസാന മല്‍സരങ്ങളില്‍ എല്ലാം തകര്‍പ്പന്‍ ജയമാണ് അറ്റ്‌ലാന്റ നേടിയത്. ക്ലബ്ബിലെ എല്ലാം താരങ്ങളും പൂര്‍ണ്ണ ഫിറ്റാണെന്നുള്ളതും അറ്റ്‌ലാന്റയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ലിസ്ബണില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. ഇന്ത്യയില്‍ സോണി നെറ്റ് വര്‍ക്കില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

Similar News