ട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന

Update: 2024-04-29 12:43 GMT
ന്യൂഡല്‍ഹി:ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ സഞ്ജു സാംസണെയായിരിക്കും ആദ്യം പരിഗണിക്കുകയെന്ന് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് മത്സരം ജൂണ്‍ 1 നാണ് തുടങ്ങുന്നത്.

ഐപിഎല്‍ റണ്‍ ചാര്‍ട്ടില്‍ 77 ശരാശരിയില്‍ 385 റണ്‍സും 161.08 സ്ട്രൈക്ക് റേറ്റും നാല് അര്‍ധസെഞ്ചുറികളുമായി സഞ്ജു സാംസണ്‍ നാലാം സ്ഥാനത്താണ്. ഐപിഎല്ലില്‍ പുറത്താകാതെ നേടിയ 82 റണ്‍സാണ് താരത്തിന്റെ മികച്ച സ്‌കോര്‍.

വാഹനാപകടത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, മുംബൈ ഇന്ത്യന്‍സ് (എംഐ) താരം ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റ് താരങ്ങള്‍.

42 ശരാശരിയില്‍ 378 റണ്‍സും നാല് അര്‍ധസെഞ്ച്വറികളുമായി രാഹുല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ താരമാണ്, എന്നാല്‍ സ്ട്രൈക്ക് റേറ്റ് 144 ആണ്. 10 മത്സരങ്ങളില്‍ നിന്ന് 46.37 ശരാശരിയില്‍ 160.60 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ 371 റണ്‍സുമായി പന്ത് ഐപിഎല്ലിലെ ആറാമത്തെ ഉയര്‍ന്ന റണ്‍ സ്‌കോററാണ്. 88* ആണ് താരത്തിന്റെ മികച്ച സ്‌കോര്‍.

ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഇല്ലാത്ത ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഒമ്പത് കളികളില്‍ നിന്ന് 23.55 ശരാശരിയിലും ഒരു അര്‍ധസെഞ്ചുറിയുള്‍പ്പെടെ 212 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.




Tags:    

Similar News