ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Update: 2018-10-06 09:23 GMT


ഇടുക്കി: ചുഴലിക്കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം.
എന്നാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. കേരള തീരത്തു നിന്നു മല്‍സ്യ ബന്ധനത്തിനു പോയ എല്ലാ തൊഴിലാളികളും തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.

കേരള തീരത്ത് നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ മാറി ലക്ഷദ്വീപില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ വിഭാഗം ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റെഡ് അലേര്‍ട്ട് പിന്വലിച്ചത്. എന്നാല്‍ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് , പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപമെടുക്കുന്ന ചുഴലിക്കാറ്റ് കേരള തീരത്ത് വീശാന്‍ സാധ്യതയില്ലെങ്കിലും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക്് സാധ്യതയുണ്ട്. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഇന്ന് ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്.
Tags: