അമിത കീടനാശിനി പ്രയോഗം; യുഎഇയും സൗദിയും ഇന്ത്യന്‍ പച്ചക്കറി ഇറക്കുമതി വെട്ടിക്കുറച്ചേക്കും

അമിത കീടനാശിനിയുടെ അംശം കണ്ടെത്തിയ വെണ്ട, പച്ച മുളക് തുടങ്ങിയ പച്ചക്കറിക്കായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക.

Update: 2019-01-27 08:38 GMT

ദുബയ്: ഗുണനിലവാരം കുറഞ്ഞതിനാല്‍ ഇന്ത്യന്‍ പച്ചക്കറിയുടെ ഇറക്കുമതി വെട്ടിക്കുറച്ചേക്കും. ഇരു രാജ്യങ്ങളിലുമുള്ള ഇറക്കുമതി വിഭാഗം ഇന്ത്യന്‍ വ്യാപാര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊഡ്യൂസ് എക്‌സ്‌പോര്‍ട്ട് ഡവലെപ്പ്‌മെന്റ് അഥോറിറ്റിയെ (അപേഡ) ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 26 കോടി ഡോളറിന്റെ പച്ചക്കറിയാണ് ഇറക്കുമതി ചെയ്യുന്നത്.അമിത കീടനാശിനിയുടെ അംശം കണ്ടെത്തിയ വെണ്ട, പച്ച മുളക് തുടങ്ങിയ പച്ചക്കറിക്കായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക.കേന്ദ്ര സര്‍ക്കാര്‍ 3 വര്‍ഷത്തിനകം പച്ചക്കറി കയറ്റുമതി ഇരട്ടിയാക്കാനുള്ള ശ്രമത്തിനിടക്കാണ് ഈ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന എല്ലാ ഒര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങള്‍ക്കും ഉപയോഗിച്ച വളം അടക്കമുള്ള വിവരങ്ങള്‍ സഹിതം വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചക്കറി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ആവശ്യ പ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും പാലിക്കണമെന്ന് അപേഡ ഇന്ത്യന്‍ പച്ചക്കറി കയറ്റുമതിക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റുമതി ചെയ്യുന്നത് യുഎഇ, സൗദി, ഒമാന്‍,യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. യുഎഇക്ക് ആവശ്യമുള്ള 20 ശതമാനം പച്ചക്കറിയും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യ ഫുഡ് അഥോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള പരമാവധി ഉപയോഗിക്കാവുന്ന കീടനാശിനിയുടെ അളവ് അപേഡ ഇന്ത്യന്‍ കയറ്റുമതിക്കാരെ അറിയിച്ചിട്ടുണ്ട്. മല്ലിച്ചെപ്പ്്, പൊതീന, കറിവേപ്പില, ചീര തുടങ്ങിയ ഇലകളിലാണ് സാധാരണയായി കര്‍ഷകര്‍ കീടങ്ങളെ അകറ്റാനായി ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നത്.




Tags: