ഗള്‍ഫില്‍ പ്രധാന മല്‍സ്യ സമ്പത്ത് 85 ശതമാനം കുറഞ്ഞു

Update: 2019-01-27 13:04 GMT

അബൂദബി: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട മല്‍സ്യ വിഭാഗമായ ഷേരി, ഹമൂര്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ കടലില്‍ നിന്നു 85 ശതമാനം അപ്രത്യക്ഷമായതായി പഠനത്തില്‍ വ്യക്തമാവുന്നു. വില്‍മീന്‍, കുരളി എന്ന പേരിലാണ് കേരളത്തില്‍ ഷേരി അറിയപ്പെടുന്നത്. ഹമൂര്‍ മല്‍സ്യം നമ്മുടെ നാട്ടില്‍ കലവ, മുറുമീന്‍ എന്ന പേരിലാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. യുഎഇ പരിസ്ഥിതി മന്ത്രി ഡോ. താനി അല്‍ സിയോദിയുടെ നിര്‍ദേശ പ്രകാരം സമുദ്ര ജീവശാസ്ത്രജ്ഞര്‍ 250 ദിവസം കടലില്‍ ചെലവിട്ട് നടത്തിയ പഠന റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം മല്‍സ്യം നാമാവശേഷമാവുന്നത് രാജ്യത്തിന് തന്നെ മോശമാണന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഭാഗത്തില്‍പെട്ട മല്‍സ്യ സമ്പത്ത് സംരക്ഷിക്കാനും അതിജീവനത്തിനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ ആവിഷ്‌കരിക്കുമെന്ന് അബൂദബി എന്‍വിറോണ്‍മെന്റ് ഏജന്‍സി സിക്രട്ടറി ജനറല്‍ ഡോ. ശൈഖ അല്‍ ദാഹിരി വ്യക്തമാക്കി. കടലിലെ താപ നില ഉയരുന്നതും ഓക്‌സിജന്റെ വ്യതിയാനവും മീന്‍പിടിത്തവും കാരണവുമാണ് മല്‍സ്യ സമ്പത്തില്‍ കുറവ് അനുഭവപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മീന്‍ പിടുത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. മല്‍സ്യങ്ങള്‍ പ്രജനനം നടക്കുന്ന മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ഈ മല്‍സ്യങ്ങളെ പിടിക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് മല്‍സ്യ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തും.



Tags:    

Similar News