സാമൂഹികപ്രവര്‍ത്തകര്‍ തുണയായി; നിയമക്കുരുക്കില്‍നിന്ന് മോചിതനായി സുബൈര്‍ നാട്ടിലേക്ക്

ജുബൈലിലെ ഒരു കമ്പനിയില്‍ ടാങ്കര്‍ലോറി ഓടിക്കുന്ന ജോലിചെയ്തു വരികയായിരുന്ന സുബൈര്‍ നവംബര്‍ 10നാണ് വാഹനം തലകീഴായി മറിഞ്ഞ് അപകടത്തില്‍പെട്ടത്. ദേഹമാസകലം മുറിവേറ്റ സുബൈറിനെ സമീപവാസികളാണ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

Update: 2019-01-18 05:41 GMT

ദമ്മാം: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുകയും നിയമക്കുരുക്കില്‍പെട്ട് നാട്ടിലേക്ക് പോകാനാവാതെ വിഷമിക്കുകയും ചെയ്ത തൃശൂര്‍ സ്വദേശി സുബൈറിന് മലയാളി സാമൂഹ്യപ്രവര്‍ത്തത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് പോവാന്‍ വഴിതെളിഞ്ഞു. മേല്‍ക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയാണ് സുബൈറിന്റെ മടക്കം. ജുബൈലിലെ ഒരു കമ്പനിയില്‍ ടാങ്കര്‍ലോറി ഓടിക്കുന്ന ജോലിചെയ്തു വരികയായിരുന്ന സുബൈര്‍ നവംബര്‍ 10നാണ് വാഹനം തലകീഴായി മറിഞ്ഞ് അപകടത്തില്‍പെട്ടത്. ദേഹമാസകലം മുറിവേറ്റ സുബൈറിനെ സമീപവാസികളാണ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും തുടര്‍ ചികില്‍സയ്ക്കായി വീണ്ടും ആശുപത്രിയില്‍ ചെന്നപ്പോള്‍ പഴയ ബില്‍ സ്‌പോണ്‍സര്‍ അടച്ചില്ലെന്നു പറഞ്ഞു ചികില്‍സ നല്‍കാതെ മടക്കി അയക്കുകയുമായിരുന്നു.

ഇക്കാമ പുതുക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് ലഭിച്ചില്ലെന്ന് മാത്രമല്ല, കേടായ വാഹനത്തിന് നഷ്ടപരിഹാരമായി സുബൈറില്‍നിന്ന് 15,000 റിയാല്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെടുകയും ചെയ്തു. മാനസികമായി തകര്‍ന്ന യുവാവ് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ജുബൈലിലെ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ ജുബൈല്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കി. എന്നാല്‍, കേസ് അനന്തമായി നീളുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയും താമസസ്ഥലത്ത് പരസഹായമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നതായ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട ജുബൈലിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് സുബൈറിനെ ദമ്മാമിലെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ റൂമില്‍ താമസിപ്പിച്ച്് ദമ്മാമിലെ മേല്‍കോടതിയെ സമീപിച്ചു. ഇരുകൂട്ടരുടെയും വാദംകേട്ട കോടതി സുബൈറിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുകയും സ്‌പോണ്‍സറോട് എക്‌സിറ്റടിച്ച് നല്‍കാനും മറ്റ് രേഖകള്‍ കൈമാറാനും കോടതി ഉത്തരവിട്ടു.

ഫൈനല്‍ എക്‌സിറ്റ് ലഭിച്ച സുബൈര്‍ സലാമത്തക് മെഡിക്കല്‍ സെന്റര്‍ സിഎംഡി ആസഫ് നെച്ചിക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത വിമാനടിക്കറ്റില്‍ ശനിയാഴ്ച രാവിലെ 10.15 നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും. സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സുബൈറിനെ അനുഗമിക്കും. തന്റെ പ്രശ്‌നത്തില്‍ ഇടപെട്ട് നാട്ടിലേക്ക് പോവാന്‍ അവസരമൊരുക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ സലിം മുഞ്ചക്കല്‍, ഷംസുദ്ദീന്‍ വാഴക്കാട്, ഷെറഫുദ്ധീന്‍, അന്‍സാര്‍ പാലക്കാട്, സാമൂഹ്യപ്രവര്‍ത്തകനായ സലിം ആലപ്പുഴ എന്നിവര്‍ക്കും സുബൈര്‍ പ്രത്യേകം നന്ദി അറിയിച്ചു.

Tags: