ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് തിരശ്ശീല ഉയര്‍ന്നു; ഇനി വായനയുടെ വസന്തനാളുകള്‍

Update: 2022-11-02 17:26 GMT

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 41ാമത് എഡിഷന്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ചൊവ്വാഴ്ച സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 'സ്‌പ്രെഡ് ദി വേഡ്' എന്ന പ്രമേയത്തിന് കീഴില്‍, 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213 പ്രസാധകരുടെ പങ്കാളിത്തത്തോടെ നവംബര്‍ 13 വരെ പുസ്തക മേള നീണ്ടുനില്‍ക്കും. മേഖലയിലെയും ലോകമെമ്പാടുമുള്ള പ്രമുഖരായ എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പ്രസാധകര്‍, മുന്‍നിര ചിന്തകരായ നേതാക്കള്‍ എന്നിവരെ പുസ്തകമേളയുടെ ഊര്‍ജ്ജസ്വലമായ പുതിയ പതിപ്പിലേക്ക് ഉദ്ഘാടന വേളയില്‍ ഷാര്‍ജ ഭരണാധികാരി സ്വാഗതം ചെയ്തു. സുഡാനീസ് ചരിത്രകാരന്‍ യൂസഫ് ഫദല്‍ ഹസനെ 'സാംസ്‌കാരിക വ്യക്തിത്വം' എന്ന ബഹുമതി നല്‍കി ഉദ്ഘാടന ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ ആദരിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, സാംസ്‌കാരിക വ്യക്തിത്വ ബഹുമതി ലഭിച്ച യൂസഫ് ഫദല്‍ ഹസന്‍, യുഎഇയിലെ ഇറ്റലി അംബാസഡര്‍ ലോറെന്‍സോ ഫനാര എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. 57 രാജ്യങ്ങളിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ 129 പേര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. 15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളോടെയുള്ള പുസ്തകങ്ങള്‍ 12 ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും. 18,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈവര്‍ഷത്തെ മേളയൊരുങ്ങുന്നത്. 1047 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

Tags: