മുസ്‌ലിം ബ്രദര്‍ഹുഡിനെ അപലപിക്കാന്‍ വിസമ്മതിച്ചു; 100 മത പ്രഭാഷകരെ പുറത്താക്കി സൗദി ഭരണകൂടം

മക്കയിലെയും അല്‍കാസിമിലെയും മസ്ജിദുകളിലെ ഇമാമുമാരേയാണ് പുറത്താക്കിയത്.

Update: 2020-12-18 19:33 GMT

ജിദ്ദ: ഭരണകൂടത്തിന്റെ നിര്‍ദേശം തള്ളി മുസ്‌ലിം ബ്രദര്‍ഹുഡിനെ അപലപിക്കാന്‍ വിസമ്മതിച്ച മതപ്രഭാഷകരും പള്ളികളിലെ ഇമാമുമാരുമായ 100 പണ്ഡിതരെ സൗദി ഭരണകൂടം പുറത്താക്കിയതായി അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കയിലെയും അല്‍കാസിമിലെയും മസ്ജിദുകളിലെ ഇമാമുമാരേയാണ് പുറത്താക്കിയത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിക്കാനും അവര്‍ സമൂഹത്തില്‍ ഭിന്നതയ്ക്കും ഭിന്നിപ്പിനും കാരണമായെന്ന് കുറ്റപ്പെടുത്താനും ഇസ്ലാമിക് അഫയേഴ്‌സ്, ദഅ്‌വ, ഗൈഡന്‍സ് മന്ത്രാലയം എല്ലാ ഇമാമുകള്‍ക്കും പ്രഭാഷകര്‍ക്കും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

സൗദി കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്‌സ് പുറത്തിറക്കിയ വിവാദ പ്രസ്താവനയെ പിന്തുണച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്താനാണ് മന്ത്രാലയം കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയത്. 2014ല്‍ സൗദി അറേബ്യ മുസ്‌ലിം ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍ പെടുത്തുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.

1950 കളില്‍ ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകരമായ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ അഭിമുഖീകരിച്ച ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയിരുന്നു. പില്‍ക്കാലത്ത് രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെയാണ് ബ്രദര്‍ഹുഡ് ഭരണകൂടത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ടത്.

2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിനു പിന്നാലെയാണ് ബ്രദര്‍ഹുഡും സൗദി ഭരണകൂടവും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കെത്തിയത്. രാജ്യത്തെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരേ സംഘം ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ബ്രദര്‍ഹുഡ് സൗദിയുടെ കണ്ണിലെ കരടായത്.

2013ല്‍ സൗദി ഈജിപ്തിലെ സൈനിക അട്ടിമറിക്ക് സൗദി പിന്തുണ നല്‍കുകയും അന്ന് പ്രതിരോധ മന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സിസി രാജ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ ബ്രദര്‍ഹുഡില്‍നിന്നുള്ള മുഹമ്മദ് മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags: