റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്‍

Update: 2023-03-15 14:47 GMT

റിയാദ്: വിശുദ്ധ റമദാന്‍ മാസത്തില്‍ ഉംറ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യക്ക് പുറത്ത് നിന്ന് ഇതുവരെ എട്ടുലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തതായി റിപോര്‍ട്ട്. 'റമദാന്‍ ഉംറയ്ക്കായി നുസുക്ക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തിന് പുറത്ത് നിന്നുള്ളവരുടെ എണ്ണം ഇതുവരെ ഏകദേശം 800,000 ആയെന്ന് ഉംറ-ഹജ്ജ് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ഷംസ് വ്യക്തമാക്കി. ആഭ്യന്തര, അന്തര്‍ദേശീയ തീര്‍ഥാടകര്‍ക്ക് റമദാന്‍ കാലത്ത് ഉംറ നിര്‍വഹിക്കാനുള്ള അനുമതി നൂസുക് ആപ്പ് വഴി ലഭ്യമാണെന്ന് മാര്‍ച്ച് എട്ടിന് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. റമദാന്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് വിതരണം തുടങ്ങിയതായും എളുപ്പവും സുഗമവുമായ ഉംറയ്ക്കായി, നുസുക് ആപ്പ് വഴി നിങ്ങളുടെ റിസര്‍വേഷന്‍ നടത്തണമെന്നാണ് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരോട് ആവശ്യമായ പെര്‍മിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും തിരക്ക് ഒഴിവാക്കാന്‍ ഷെഡ്യൂള്‍ ചെയ്ത തിയ്യതി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. റമദാനില്‍ ഒരു തവണ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഉംറ ചടങ്ങുകള്‍ നടത്താന്‍ അനുവാദമുള്ളൂ. 2022 ജൂലൈ മുതല്‍ റമദാന്‍ അവസാനമാവുന്നതോടെ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഒമ്പത് ദശലക്ഷത്തിലെത്തുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നുത്. ഈ വര്‍ഷം മാര്‍ച്ച് 23നോ അതിനോടടുത്തോ റമദാന്‍ വ്രതാരംഭം കുറിക്കുമെന്നാണ് പതീക്ഷിക്കുന്നത്.

Tags:    

Similar News