സൗദി അറേബ്യ ഞായറാഴ്ച മുതല്‍ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കും; അനുമതി 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്

കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ മൂന്നുദിവസം ക്വാറന്റൈനില്‍ കഴിയണം. തീര്‍ത്ഥാടകര്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന പിസിആര്‍ മെഡിക്കല്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് അവരുടെ രാജ്യത്തെ അംഗീകൃത ലബോറട്ടറിയില്‍നിന്നുള്ളതാവണമെന്നാണ് നിര്‍ദേശം.

Update: 2020-10-26 13:37 GMT

ദമ്മാം: നവംബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കും. ഉംറ തീര്‍ത്ഥാടനത്തിന് ഇളവുകള്‍ ഏര്‍പ്പെടുത്തിവരുന്നതിന്റെ മൂന്നാംഘട്ടത്തിലാണ് രാജ്യത്തിന് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതിന് സൗദി അനുമതി നല്‍കിയത്. 18നും 50നും ഇടയില്‍ പ്രായമുള്ള വിദേശ തീര്‍ത്ഥാടകര്‍ക്കായിരിക്കും ഉംറ നിര്‍വഹിക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണ സംവിധാനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ മൂന്നുദിവസം ക്വാറന്റൈനില്‍ കഴിയണം.

എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് മന്ത്രാലയ സ്രോതസ്സുകളെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്യുന്നു. തീര്‍ത്ഥാടകര്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന പിസിആര്‍ മെഡിക്കല്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് അവരുടെ രാജ്യത്തെ അംഗീകൃത ലബോറട്ടറിയില്‍നിന്നുള്ളതാവണമെന്നാണ് നിര്‍ദേശം. വിദേശരാജ്യത്തേയ്ക്ക് പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂര്‍ സമയത്തിനുള്ളിലായിരിക്കണം കൊവിഡ് സാംപിളെടുക്കേണ്ടത്. തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കുന്നതിനും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സന്ദര്‍ശനത്തിനും റവാദ് ശെരീഫിലെ പ്രാര്‍ത്ഥനയ്ക്കും ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്തിരിക്കണം.

കൂടാതെ ഓരോ തീര്‍ത്ഥാടകരും അവരുടെ പ്രോഗ്രാം സംബന്ധിച്ചും മടക്ക വിമാനയാത്ര സംബന്ധിച്ചും റിസര്‍വേഷന്‍ ഉറപ്പുവരുത്തണം. താമസസൗകര്യവും റിസര്‍വ് ചെയ്തിരിക്കണമെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കുന്നു. മൂന്നുദിവസത്തെ മെഡിക്കല്‍ ഐസൊലേഷന്‍ കാലയളവില്‍ മൂന്നുതരം ഭക്ഷണവും നല്‍കണം. സൗദിയില്‍ എത്തിച്ചേരുന്നതിന് 34 മണിക്കൂറിനകം തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ജനനതിയ്യതി അടക്കം ഉംറ കമ്പനി പരിശോധിച്ചിരിക്കണം. ഓരോ തീര്‍ത്ഥാടകന്റെയും കണ്‍ഫേം ആയ എയര്‍ലൈന്‍ ടിക്കറ്റിന്റെ ഡാറ്റയും കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തണം.

ടിക്കറ്റ് നമ്പര്‍, എത്തിച്ചേരുന്ന ഫ്‌ളൈറ്റ് നമ്പര്‍, പുറപ്പെടുന്ന നഗരം, വിമാനം കയറിയ തിയ്യതി, സമയം, എത്തിച്ചേരുന്ന നഗരം, എത്തിച്ചേരുന്ന തിയ്യതി, സമയം തുടങ്ങിയവ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവണം. ഉംറ കമ്പനികള്‍ തീര്‍ത്ഥാടകരെ ഗ്രൂപ്പുകളായി വിഭജിക്കണം. ഒരു ഗ്രൂപ്പില്‍ കുറഞ്ഞത് 50 തീര്‍ഥാടകരുണ്ടായിരിക്കണം. ഓരോ ഗ്രൂപ്പിനും വഴികാട്ടിയായി ഉംറ കമ്പനി ഒരു അമീറിനെ നിയമിക്കണം. വ്യോമയാനം, പാര്‍പ്പിടം, ഗതാഗതം എന്നിവയുള്‍പ്പെടെ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്ന ഏകീകൃത റിസര്‍വേഷന്‍ പ്രോഗ്രാം തീര്‍ത്ഥാടകര്‍ക്കായി ഒരുക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.

പെര്‍മിറ്റ് നേടിയശേഷം ഉംറ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കില്ലെന്ന് മന്ത്രാലയം

പെര്‍മിറ്റ് നേടിയശേഷം ഉംറ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അനുമതി നേടിയശേഷം ഉംറ നിര്‍വഹിക്കാന്‍ സാധിക്കാതെവരികയാണെങ്കില്‍ ഈറ്റ്മാര്‍ണ എന്ന ആപ്പ് വഴി ബുക്കിങ് സമയത്തില്‍ മാറ്റംവരുത്തുകയോ അനുമതി റദ്ദാക്കുകയോ ചെയ്യാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുവാദമുണ്ട്. ഒരുതവണ ഉംറ നിര്‍വഹിച്ച് കഴിഞ്ഞശേഷം മാത്രമേ രണ്ടാമത്തെ ഉംറയ്ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇതുവരെ 21 ലക്ഷത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും 12 ലക്ഷത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഉംറ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഹറമിലേക്കുള്ള പ്രവേശന പാതകളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഈറ്റ്മാര്‍ണ മൊബൈല്‍ ആപ്പ് വഴി കഴിഞ്ഞ വെള്ളിയാഴ്ച വരെ ആറരലക്ഷത്തോളം ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു. 1.65 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കുകയും രണ്ടുലക്ഷത്തോളം പേര്‍ മക്കയിലെ ഹറം പള്ളിയില്‍ നമസ്‌കരിക്കുകയും ചെയ്തു. മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കുള്ള പ്രവേശന പാതയില്‍ 12 ഓളം കണ്‍ട്രോള്‍ പോയിന്റുകള്‍ സജീവമാക്കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.

ഹോട്ടല്‍ റിസര്‍വേഷനുള്ളതും ഉംറ പെര്‍മിറ്റ് തേടിയതുമായ തീര്‍ത്ഥാടകരെയും ഹോട്ടല്‍ റിസര്‍വേഷനില്ലാത്ത ഉംറ തീര്‍ത്ഥാടകരെയും ഉംറ ഉദ്ദേശമില്ലാതെ മറ്റ് ആരാധനകള്‍ക്കായി ഹറമിലെത്തുന്ന വിശ്വാസികളെയും പ്രത്യേക വഴികളിലൂടെ നിയന്ത്രിക്കുന്നതിന് ഈ കണ്‍ട്രോള്‍ പോയിന്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.


Tags:    

Similar News