സൗദി: കര്‍ഫ്യൂവിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടാല്‍ 30 ലക്ഷം റിയാല്‍ പിഴയും അഞ്ചുവര്‍ഷം തടവും

Update: 2020-03-25 08:07 GMT

റിയാദ്: രാജ്യത്ത് ആദ്യ കൊറോണ മരണം റിപോര്‍ട്ട് ചെയ്ത സൗദി അറേബ്യയില്‍ കര്‍ഫ്യൂ കര്‍ശനമാക്കാന്‍ സാമൂഹിക മാധ്യമങ്ങളിലും കടുത്ത നിയന്ത്രണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റുകളോ സന്ദേശങ്ങളോ വീഡിയോയോ പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു. വിവര സാങ്കേതിക കുറ്റകൃത്യം തടയല്‍ നിയമപ്രകാരമാണ് കുറ്റം ചുമത്തുക. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ഷെയര്‍ ചെയ്ത സ്വദേശി യുവതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്.

    തിങ്കളാഴ്ച മുതലാണ് സൗദിയില്‍ നിശാനിയമം പ്രാബല്യത്തില്‍ വന്നത്. രാത്രി ഏഴുമുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമാണ് ആദ്യ കൊറോണ മരണം റിപോര്‍ട്ട് ചെയ്തത്. അഫ്ഗാന്‍ പൗരനായ 51 കാരനാണ് മദീന മേഖലയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരണപ്പെട്ടത്. സൗദിയില്‍ ഇതുവരെ 767 പേര്‍ക്കാണ് കൊറോണ ബാധിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 28 പേര്‍ രോഗവിമുക്തി നേടിയിരുന്നു.




Tags:    

Similar News