കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടി അന്തരിച്ചു

Update: 2022-07-03 07:37 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ കോഴിക്കോട് പെരുവട്ടൂര്‍ സ്വദേശി ഗഫൂര്‍ മൂടാടി (51) അന്തരിച്ചു. കുവൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ചില്‍ സീനിയര്‍ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. കുവൈത്തിലെ മാധ്യമരംഗത്ത് നിറസാന്നിധ്യമായിരുന്നു. മലയാള മനോരമയുടെ കുവൈത്തിലെ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. കേരള പ്രസ്‌ക്ലബ് കുവൈത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗഫൂര്‍.

മലയാളി മീഡിയാ ഫോറം മുന്‍ കണ്‍വീനറും സഹപ്രവര്‍ത്തകനുമായ ഗഫൂറിന്റെ നിര്യാണത്തില്‍ മലയാളി മീഡിയാ ഫോറം കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിലെ നിരവധി സംഘടനകളുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഗഫൂര്‍ മികച്ച ഒരു സംഘാടകന്‍ കൂടി ആയിരുന്നുവെന്നും മലയാളി സമൂഹത്തിന് സഹായകരമായതും ഓര്‍ക്കാനുള്ളതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയാണ് അദ്ദേഹം വിടവാങ്ങുന്നതെന്നും മലയാളി മീഡിയാ ഫോറം കുവൈത്ത് അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ആകസ്മിക വിയോഗം സംഭവിച്ചത്. ഭാര്യ: ഫൗസിയ. മക്കള്‍: അബീന പര്‍വിന്‍, അഥീന. മരുമകന്‍: അജ്മല്‍. പിതാവ്: പൊയിലില്‍ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. കുവൈത്തിലെ അല്‍ജരീദ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ നൗഫല്‍ മൂടാടി സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: ബല്‍ക്കീസ്, താജുന്നിസ. ഞായറാഴ്ച വൈകീട്ട് നാലിന് കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

Tags: