പ്രതിപക്ഷത്തിന്റെ നിസംഗത രാജ്യത്തെ വിറ്റു തുലയ്ക്കുന്നവര്‍ക്ക് പ്രചോദനമേകുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയങ്ങള്‍ പെരുപ്പിച്ചു കാണിച്ചു അതിന്റെ പുകമറയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നത് തികഞ്ഞ വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി.

Update: 2021-09-16 13:01 GMT

ജിദ്ദ: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തെ സമ്പത്തു മുഴുവന്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും വിറ്റു തീര്‍ക്കുമ്പോള്‍ ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചുപോയ പ്രതിപക്ഷത്തുള്ളവര്‍ ഉത്തരവാദിത്തം മറന്ന് നിസ്സംഗരായിരിക്കുന്നത് ഭൂഷണമല്ലെന്നും അവരുടെ മൗനം രാജ്യത്തെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിവിടാന്‍ ഭരണക്കാര്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നതാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബനീമാലിക് ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗം അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയങ്ങള്‍ പെരുപ്പിച്ചു കാണിച്ചു അതിന്റെ പുകമറയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നത് തികഞ്ഞ വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജ. രജിന്ദ്ര സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം അനുവദിച്ചു കിട്ടേണ്ട സംവരണത്തോത് വെട്ടിക്കുറച്ചും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് നഷ്ടപ്പെടുത്തിയും ചില ഗൂഢ ശക്തികളുടെ കള്ളക്കഥകള്‍ക്ക് തിരശ്ശീലയൊരുക്കുകയാണ് സര്‍ക്കാര്‍. ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ആര്‍.എസ്.എസ്സിന്റെ പ്രതലമാക്കി മാറ്റിയിരിക്കുകയാണ് പിണറായി ഭരണത്തിലെന്നും യോഗം അഭിപ്രായപ്പെട്ടു. പാലായിലെ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാതെ അതിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസടുത്തതോടെ ഇടതു സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വം കൂടുതല്‍ വെളിവായിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

റാസി കൊല്ലം റിപോര്‍ട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ രംഗത്തും പ്രവാസികളുടെ തൊഴില്‍ രംഗത്തുള്ള പ്രശ്‌നങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സോഷ്യല്‍ ഫോറം വളണ്ടിയര്‍മാരുടെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസലോകത്ത് പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സഹജീവികള്‍ക്ക് വേണ്ടി പരമാവധി സേവനങ്ങള്‍ ചെയ്യാന്‍ സാധിച്ചത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ ഫോറം ബനീ മാലിക് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഫൈസല്‍ തമ്പാറ (പ്രസിഡന്റ്), റാസി കൊല്ലം (സെക്രട്ടറി), യൂനുസ് തുവ്വൂര്‍ (വൈസ് പ്രസിഡന്റ്), ഷമീര്‍ കണിയാപുരം, ഷമീര്‍ കൊളത്തൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). എന്നിവരെ തെരഞ്ഞെടുത്തു. റാഫി ബീമാപ്പള്ളി, ഷാജി ഇടുക്കി, നജീബ് ബീമാപ്പള്ളി, മുനീര്‍ പത്തമ്പാട് എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു.

Tags:    

Similar News