എന്‍ഐഎ ഭേദഗതി ബില്‍: പ്രതിപക്ഷ നിലപാട് പ്രതിഷേധാര്‍ഹം-ഐഎസ്എഫ് അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി

Update: 2019-07-24 10:53 GMT

അല്‍ഖോബാര്‍: സംഘപരിവാര്‍ താല്‍പര്യം നടപ്പാക്കാനുള്ള ഉപകരണമായി എന്‍ഐഎയെ ഉപയോഗിക്കുന്നതിന്റെ ഭാഗമായി എന്‍ഐഎയ്ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ ഭേദഗതി ബില്ലിനെ അനുകൂലിച്ച കോണ്‍ഗ്രസും എതിര്‍ത്തു വോട്ട് രേഖപ്പെടുത്താതെ മാറിനിന്ന മുസ്‌ലിം ലീഗ് എംപിമാരുടെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവിച്ചു. ദലിത്-പിന്നാക്ക-മതന്യുനപക്ഷങ്ങളെ ലക്ഷ്യംവച്ച് അവരുടെ പൗരാവകാശങ്ങള്‍ ഹനിക്കുന്നതിന് ആര്‍എസ്എസ് ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കു കുടപിടിക്കുന്ന കോണ്‍ഗ്രസ്-ലീഗ് ജനപ്രതിനിധികളുടെ വഞ്ചനാപരമായ നിലപാടില്‍ ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി മറുപടി പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു. നസീബ് പത്തനാപുരം, അഷ്‌കര്‍ തിരുന്നാവായ, ശരീഫ് കോട്ടയം, സെക്രട്ടറി മന്‍സൂര്‍ പൊന്നാനി, അഷറഫ് പാലക്കാട് സംസാരിച്ചു.


Tags: