100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് പത്തുലക്ഷം ദിര്‍ഹം നല്‍കി എം എ യൂസഫലി

Update: 2021-04-15 16:11 GMT

ദുബയ്: മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രതിസന്ധിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികളെത്തിക്കുന്ന '100 ദശലക്ഷം ഭക്ഷണപ്പൊതികള്‍' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്തു. ഇതിലൂടെ പത്തുലക്ഷം പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനാവും.

വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് കൊവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നല്‍കാന്‍ ലക്ഷ്യമിടുന്ന '100 ദശലക്ഷം ഭക്ഷണം' പദ്ധതി ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് എം എ യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രസ്തുത പദ്ധതിയെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷവും പത്തുദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയില്‍ യൂസഫലി പത്തുലക്ഷം ദിര്‍ഹം സംഭാവന ചെയ്തിരുന്നു. ഇത് കൂടാതെ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബല്‍ ഹാര്‍ട്ട് സെന്റര്‍ നിര്‍മാണത്തിലേക്ക് 30 ദശലക്ഷം ദിര്‍ഹവും എം എ യൂസഫലി സംഭാവന ചെയ്തിരുന്നു. റമദാന്‍ മാസത്തില്‍ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ എത്തിക്കുന്ന പദ്ധതിയാണിത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇ, ആസ്ഥാനമായ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. താഴ്ന്ന വരുമാനക്കാര്‍, തൊഴിലാളികള്‍, കൊവിഡ് ദുരിതത്താല്‍ വലയുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് വിവിധ രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നത്.

Tags: