ഗള്‍ഫ് പ്രവാസം ജാതീയത അട്ടിമറിച്ചു: ബെന്യാമിന്‍

മലയാളികള്‍ ഏറ്റവുമധികം നന്‍മ ചെയ്തത് പ്രളയ കാലത്തായിരുന്നു. ഗള്‍ഫിലടക്കം ലോകത്തുടനീളമുള്ള പ്രവാസി മലയാളികളാണ് കേരളത്തിന്റെ പ്രളയക്കണ്ണീര്‍ തുടച്ചു കളയാന്‍ ഏറ്റവും ബൃഹത്തായ നിലയില്‍ മുന്നോട്ട് വന്നത്.

Update: 2019-02-15 10:53 GMT

ദുബൈ: ഒരു കാലത്ത് കേരളത്തില്‍ അരങ്ങു തകര്‍ത്താടിയ ജാതീയ ദുഷിപ്പിനെ ഇല്ലാതാക്കാന്‍ ഗള്‍ഫ് പ്രവാസം വലിയ അളവില്‍ സഹായിച്ചുവെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ദുബൈ ഇത്തിസാലാത്ത് അക്കാദമിയില്‍ ആരംഭിച്ച ലോക കേരള സഭയുടെ ആദ്യ ദിനത്തില്‍ 'പ്രവാസ കേരളം : ഒരു മിഡില്‍ ഈസ്റ്റ് അനുഭവം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതീയമായ തൊഴില്‍ സ്ഥിതിയായിരുന്നു സജീവമായ പ്രവാസ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് കേരളത്തിലുണ്ടായിരുന്നത്. അങ്ങനെ തട്ടുകളായി തിരിച്ചുള്ള കേരളീയ പശ്ചാത്തലം മാറ്റിയെടുത്തത് വ്യാപകമായ ഗള്‍ഫ് കുടിയേറ്റമാണ്.

തന്റെ തന്നെ കുടുംബത്തില്‍ ആശാരിപ്പണി ചെയ്തിരുന്നവര്‍ ഉണ്ടായിരുന്നതിനെ അപഹാസ്യമായാണ് പലരും കണ്ടിരുന്നത്. ക്രിസ്ത്യാനികള്‍ ആശാരിപ്പണി എടുക്കുകയോ എന്നായിരുന്നു ആളുകളുടെ പുഛഭാവം.



ജാതീയമായ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു ദുബൈയിലാണ് ജോലി എന്ന മറുപടി. ഇവിടത്തെ ബാച്ചിലര്‍ താമസയിടങ്ങളില്‍ തട്ടുതട്ടുകളായി താമസിച്ചു കൊണ്ടിരിക്കുന്ന പ്രവാസികളില്‍ ഒരു ജാതീയതയുമില്ല. പ്രവാസികള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും ഏറ്റവും ആദ്യം സഹായഹസ്തവുമായി എത്തുന്നത് സഹമുറിയന്‍മാരാണ്.

മലയാളികള്‍ ഏറ്റവുമധികം നന്‍മ ചെയ്തത് പ്രളയ കാലത്തായിരുന്നു. ഗള്‍ഫിലടക്കം ലോകത്തുടനീളമുള്ള പ്രവാസി മലയാളികളാണ് കേരളത്തിന്റെ പ്രളയക്കണ്ണീര്‍ തുടച്ചു കളയാന്‍ ഏറ്റവും ബൃഹത്തായ നിലയില്‍ മുന്നോട്ട് വന്നത്. രാഷ്ട്രീയം വരച്ച അതിരുകളെ മായ്ച്ചു കളഞ്ഞു ഗള്‍ഫ് പ്രവാസം.

പ്രവാസികള്‍ തൊഴില്‍ പദവി കണക്കാക്കിയല്ല ചുറ്റുമുള്ളരെ സഹായിക്കുന്നത്. ഒരു തൂപ്പുകാരന് ഒരു പക്ഷേ, ഒരു എഞ്ചിനീയര്‍ക്ക് കഴിയുന്നതിനെക്കാളധികം പ്രവര്‍ത്തനക്ഷമമാവാന്‍ പറ്റും. വിദേശ രാജ്യത്ത് കഴിയുമ്പോഴും ജന്‍മനാടിനെ പ്രവാസികള്‍ എപ്പോഴും കൂടെ കൂട്ടുന്നു. അവന് പത്രം വായിക്കാതെയും മറ്റുള്ളവരുമായി ഇടപഴകാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല. അത്രക്കധികം സാമൂഹിക ഇഴയടുപ്പം പ്രവാസിക്കുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു.




Tags:    

Similar News