ലോക്ക് ഡൗണ്‍: കുവൈത്തില്‍ തൊഴില്‍സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയം

നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ മനുഷ്യക്കടത്ത്, വിസ കച്ചവടം പോലുള്ള നിരവധി പരാതികള്‍ ലഭിച്ചതായും സംശയാസ്പദമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ പരാതികള്‍ സഹായിച്ചതായും മന്ത്രി അറിയിച്ചു.

Update: 2020-06-28 09:15 GMT
കുവൈത്ത് സാമൂഹികക്ഷേമ, സാമ്പത്തികകാര്യ സഹമന്ത്രി മറിയ അല്‍ അഖീല്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ മാനവവിഭവ ശേഷി സമിതിയുടെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് സാമൂഹികക്ഷേമ, സാമ്പത്തികകാര്യ സഹമന്ത്രി മറിയ അല്‍ അഖീല്‍ വ്യക്തമാക്കി. തൊഴിലുടമകളുമായി ഏതെങ്കിലും തര്‍ക്കമുണ്ടാവുകയോ തൊഴില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പരാതി സമര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനാണ് മാനവവിഭവ ശേഷി സമിതിയുടെ കാര്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അവര്‍ അറിയിച്ചു.

ഇതിനു പുറമേ ഫര്‍വാനിയ, ജിലീബ്, ഷുയൂഖ് എന്നിവിടങ്ങളിലുള്ള ഷെല്‍ട്ടറുകളില്‍ താമസ കുടിയേറ്റ കുറ്റാന്വേഷണവിഭാഗത്തിന്റെ ഓഫിസുകള്‍ ആരംഭിക്കാന്‍ ആഭ്യന്തരമന്ത്രി അനസ് അല്‍സാലെഹ് അനുമതി നല്‍കിയതായും അവര്‍ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാനും അവരുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും അവ കൈകാര്യം ചെയ്യാനുമുള്ള മാനവവിഭവ ശേഷി സമിതിയുടെ താല്പര്യം അവര്‍ ഊന്നിപ്പറഞ്ഞു.

നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ മനുഷ്യക്കടത്ത്, വിസ കച്ചവടം പോലുള്ള നിരവധി പരാതികള്‍ ലഭിച്ചതായും സംശയാസ്പദമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ പരാതികള്‍ സഹായിച്ചതായും മന്ത്രി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെയും വൈകിപ്പിച്ചും ചൂഷണം ചെയ്യുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News