കുവൈത്തില്‍ ഡ്രോണ്‍ വില്‍പ്പനക്കും വിതരണത്തിനും വിലക്ക്; നിയമലംഘനത്തിന് കടുത്ത നടപടി

Update: 2026-04-05 09:34 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രോണ്‍ വില്‍പ്പനയും വിതരണവും താല്‍ക്കാലികമായി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒസാമ ബൂദായിയുടെ നേതൃത്വത്തിലുള്ള വാണിജ്യ-വ്യവസായ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ കടകള്‍ക്കും വാണിജ്യ വിപണികള്‍ക്കും ഈ നിരോധനം ബാധകമായിരിക്കും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങളെ 2026ലെ മന്ത്രാലയ ഉത്തരവ് നമ്പര്‍ 31 പ്രകാരം അടച്ചുപൂട്ടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍ തീരുമാനങ്ങളിലെ വിരുദ്ധ വ്യവസ്ഥകള്‍ ഈ ഉത്തരവോടെ റദ്ദാക്കിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതിനുമുന്‍പ് മാര്‍ച്ച് മൂന്നിനു കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് ഡ്രോണ്‍ ഉപയോഗവും വ്യോമ ചിത്രീകരണവും പൂര്‍ണമായി നിരോധിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടി സ്വീകരിച്ചതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ നടപടികളെ ബാധിക്കാനും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തും മേഖലയിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള വ്യാപക നടപടികളുടെ ഭാഗമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

Tags: