ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

Update: 2022-01-05 05:46 GMT

മസ്‌കത്ത്: ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ടീമുകള്‍ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകി. റോഡുകളില്‍ വെള്ളം കയറിയത് മൂലം വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിന്റെയും ഇടിയോട് കൂടി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.


 മുസന്ദം, തെക്ക്‌വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്‌വടക്ക് ശര്‍ഖിയ തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് കനത്ത മഴ പെയ്തത്. ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതിയും റോയല്‍ ഒമാന്‍ പോലിസും രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടുണ്ട്. ന്യൂനമര്‍ദം ജനുവരി അഞ്ച് ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഒമാന്‍ സുല്‍ത്താനേറ്റിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലേക്ക് ക്രമേണ എത്തിച്ചേരുന്ന മഴ മേഘാവൃതമായതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി വരെ മഴ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, ഈ കാലാവസ്ഥയുടെ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ നാളെ വരെ ഉണ്ടാവും. ബുധനാഴ്ച, കിഴക്കും പടിഞ്ഞാറും ഹജര്‍ പര്‍വതനിരകളിലും മഴ പെയ്യാന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Tags:    

Similar News