പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള യാത്രാചിലവ് സര്‍ക്കാര്‍ വഹിക്കണം: പ്രവാസി ജിദ്ദ

കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിബന്ധനയാക്കിയ സാഹചര്യത്തില്‍ എംബസികള്‍ മുന്‍കൈ എടുത്ത് ടെസ്റ്റിന് സൗകര്യം ഒരുക്കണം.

Update: 2020-05-05 02:58 GMT

ജിദ്ദ: ഇന്ത്യയിലേക്കു തിരികെ വരാന്‍ പേര് റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കുകയും യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ദുരന്ത മുഖത്തു നിന്നും സ്വന്തം ജനതയെ ഒഴിപ്പിച്ചു കൊണ്ടുവരേണ്ടത് ഗവണ്മെന്റുകളുടെ ബാധ്യതയാണ്. കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിബന്ധനയാക്കിയ സാഹചര്യത്തില്‍ എംബസികള്‍ മുന്‍കൈ എടുത്ത് ടെസ്റ്റിന് സൗകര്യം ഒരുക്കണം.

എംബസ്സിയുടെ കീഴിലെ കമ്യൂണിറ്റി ബെനെവെലെന്റ് ഫണ്ട് അതിനായി ഉപയോഗപ്പെടുത്തണം. പ്രവാസികളില്‍ നിന്ന് വിവിധ സേവന ഘട്ടങ്ങളില്‍ സ്വരൂപിച്ച ഈ ഫണ്ട് ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തില്‍ അവരുടെ ക്ഷേമത്തിന്നായി ഉപയോഗിക്കുക എന്നുള്ളതാണ് യുക്തിസഹം.

ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി പ്രയാസപ്പെടുന്നവരും രോഗികളും ഗര്‍ഭണികളുമടക്കമുള്ളവര്‍ കടുത്ത പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരിച്ചുവരവിന് തയ്യാറായവരില്‍ മഹാ ഭൂരിഭാഗത്തിനും ടിക്കറ്റ് ചാര്‍ജ് സ്വയം വഹിക്കാന്‍ കഴിയുന്നവരല്ല എന്നുള്ള കാര്യം ഗവര്‍മെന്റുകള്‍ മനസ്സിലാക്കേണ്ടതാണ്. തിരിച്ചെത്തുന്ന പ്രവാസികളെയും നോര്‍ക്ക വഴിയുള്ള ധനസഹായ വിതരണത്തിന്റെ പരിധിയില്‍പ്പെടുത്തണം.

തിരിച്ച് സ്വന്തം നാട്ടിലെത്തുന്നവര്‍ക്ക് ആവശ്യമായ വളണ്ടിയര്‍ സേവനം എല്ലാ തലങ്ങളിലും ഉറപ്പാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പ്രവാസി വെല്‍ഫെയര്‍ ഫോറത്തിന്റെയും പ്രവര്‍ത്തകര്‍ നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരിച്ചു വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ രാഷ്ട്രീയ - സാമൂഹ്യ - മതസംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കാളികളാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: