പ്രളയ ദുരന്തം: പുനരധിവാസ നിര്‍ണയം വൈകുന്നത് ജനങ്ങളോടുള്ള അവജ്ഞ: ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

Update: 2019-09-23 11:23 GMT

നിലമ്പൂര്‍: കവളപ്പാറ മേഖലയില്‍ പ്രളയ ദുരന്തം ഉണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും പുനരധിവാസ നിര്‍ണയം പോലും വൈകുന്നത് പ്രദേശത്തെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ അവജ്ഞ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജിദ്ദമലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

ഏതൊരു പ്രകൃതി ദുരന്തത്തിന്റേയും പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ മാനദണ്ഡം പാലിക്കപ്പെടാന്‍ കഴിയാത്ത അര്‍ഹരായവരെ സഹായിക്കുന്നതിന് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാണെന്നിരിക്കെ, പുനരധിവാസ കണക്കെടുപ്പ് പോലും വൈകുന്നതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളോട് മതിപ്പില്ലാത്തതിനാലാവാം ഭരണ കക്ഷി സഹയാത്രികനായ സ്ഥലം എംഎല്‍എ പോലും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക കൂട്ടായ്മ രൂപീകരിച്ച് ഫണ്ട് സമാഹരണം ആരംഭിച്ചതെന്നും യോഗം നിരീക്ഷിച്ചു.

ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച്, ജില്ലാ മുസ്‌ലിം ലീഗ് പുനരധിവാസത്തിന് 3 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചതിനെ യോഗം പ്രകീര്‍ത്തിച്ചു.

മഹാ പ്രളയത്തില്‍ ഭാവനരഹിതരായവര്‍ക്ക് കൈത്താങ്ങായി, ജില്ലാ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ മേഖലയില്‍ 10 വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന ഹരിത ഭവനം പുനരധിവാസ പാക്കേജ് യോഗം പ്രഖ്യാപിച്ചു. പ്രസ്തുത പാക്കേജിലേക്ക് ജിദ്ദമഞ്ചേരി മണ്ഡലം കെഎംസിസി ഒരു വീട് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ മാതൃക പിന്‍പറ്റി മറ്റ് മണ്ഡലങ്ങളും ഓരോ വീടുകള്‍ ഏറ്റെടുക്കുന്നതിന് മുന്നോട്ട് വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. പുനരധിവാസ സഹായ നിധിയിലേക്ക് ഏറനാട് മണ്ഡലം പ്രസിഡന്റ് അശ്‌റഫ് കീഴ്പ്പറമ്പ് 50,000 രൂപ സംഭാവനയായി ജില്ലാ ഭാരവാഹികള്‍ക്ക് കൈമാറുകയും ചെയ്തു.

ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ചെയര്‍മാന്‍ ബാബു നഹ്ദി ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അശ്‌റഫ് കീഴ്പ്പറമ്പ്, സൈദ് കുഴിമണ്ണ ഏറനാട്, മുഹമ്മദ് കെകെ കൊണ്ടോട്ടി, മൂസ ഹാജി കോട്ടക്കല്‍, ജാഫര്‍ അത്താണിക്കല്‍ മലപ്പുറം, അശ്‌റഫ് മല്ലപ്പള്ളി മങ്കട, സുഹൈല്‍ ടിപി മഞ്ചേരി, സുബൈര്‍ വട്ടോളിനിലമ്പൂര്‍, നജീബ് പള്ളത്ത് പെരിന്തല്‍മണ്ണ, ശഫീഖ് പിവി പൊന്നാനി, യാസിദ് തിരൂര്‍, സൈദലവി നീലേങ്ങല്‍തിരൂരങ്ങാടി, ജംഷീര്‍ കെ വി വള്ളിക്കുന്ന്, അഹമദ് കെവേങ്ങര, സലീം മമ്പാട് വണ്ടൂര്‍ എന്നിവരും സെന്‍ട്രല്‍, ജില്ലാ ഭാരവാഹികളായ അബൂബക്കര്‍ അരിമ്പ്ര, റസാഖ് മാസ്റ്റര്‍, ശൗക്കത്ത്, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഉനൈസ് വിപി എന്നിവരും സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ ജുനൈസ് കെടി, അബ്ബാസ് വേങ്ങൂര്‍, അശ്‌റഫ് വിവി, സുല്‍ഫീക്കര്‍ ഒതായി, സാബില്‍ മമ്പാട്, അബ്ദുല്‍ ഗഫൂര്‍ മങ്കട എന്നിവരും വിവിധ മണ്ഡലം പ്രതിനിധികളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗതവും, ട്രഷറര്‍ മജീദ് അരിമ്പ്ര നന്ദിയും പറഞ്ഞു. 

Tags: