സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരം: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെ സംയുക്ത സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ വിഷയത്തില്‍ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.

Update: 2021-07-08 13:08 GMT

ജിദ്ദ: സ്ത്രീകളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെ സംയുക്ത സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ വിഷയത്തില്‍ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.

സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന പ്രാകൃതസംസ്‌കാരം വച്ചുപുലര്‍ത്തുന്ന വര്‍ത്തമാന കേരളം, കാലം മുന്നോട്ടു നീങ്ങുമ്പോഴും പിറകോട്ട് സഞ്ചരിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. സ്ത്രീധന സമ്പ്രദായം വിദ്യാസമ്പന്നതയില്‍ അഭിമാനം കൊള്ളുന്ന മലയാളി സമൂഹത്തെ സംബന്ധിച്ച് തികച്ചും ലജ്ജാവഹം തന്നെയാണ്.

സ്ത്രീധനത്തെ മതപരമായ തെളിവുകള്‍ മുന്‍നിര്‍ത്തി നഖശിഖാന്തം എതിര്‍ത്തുപോന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ സമായമായിട്ടില്ല. ഇനിയും ഒരു പെണ്‍ജീവന്‍ കൂടി ഹോമിക്കപ്പെടാതിരിക്കാന്‍ സ്വസമുദായത്തിലും സഹോദര സമുദായങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ട്. സ്ത്രീധന രഹിതമായ വിവാഹത്തിന് സന്നദ്ധരാകുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും സംഗമത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി അധ്യക്ഷത വഹിച്ചു.എം ടി മനാഫ് മാസ്റ്റര്‍, കെ എല്‍ പി ഹാരിസ്, എം അഹ്മദ് കുട്ടി മദനി എടവണ്ണ, ജിസിസി ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, ജരീര്‍ വേങ്ങര, ഷാജഹാന്‍ ചളവറ, യൂസുഫ് തോട്ടശ്ശേരി, അസ്‌കര്‍ ഒതായി, സലിം കടലുണ്ടി സംസാരിച്ചു.

Tags: