വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍: കേന്ദ്രസര്‍ക്കാര്‍ നിബന്ധന പിന്‍വലിക്കണം- പ്രവാസി ലീഗല്‍ സെല്‍

Update: 2022-01-10 02:19 GMT

കുവൈത്ത് സിറ്റി: വിദേശത്തുനിന്നെത്തുന്നവര്‍ നാട്ടില്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധന പിന്‍വലിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് അബ്രഹാം കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. കൊവിഡ് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബൂസ്റ്റര്‍ ഡോസും, നാട്ടിലേക്കുള്ള വിമാനയാത്രക്ക് മുമ്പ് പിസിആര്‍ പരിശോധനയും യാത്രയ്ക്കുശേഷം വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നത് ശരിയായ നടപടിയല്ല.

വിമാനങ്ങളില്‍നിന്നോ വിമാനത്താവളങ്ങളില്‍ നിന്നോ കൊവിഡ് പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവുമില്ലാത്ത സ്ഥിതിക്ക് പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന തീരുമാനവുമല്ല. കൂടുതല്‍ ശക്തമായ ആരോഗ്യനിബന്ധനകള്‍ പാലിക്കുന്നതുവഴി കൊവിഡ് കുറഞ്ഞ വിദേശ രാജ്യങ്ങളില്‍നിന്നും കൂടിയ രാജ്യത്തേക്ക് വരുന്നവര്‍ക്ക് അനാവശ്യനിയന്ത്രണം ഏര്‍പ്പെടുത്തുന്നതും തെറ്റായ നടപടിയാണ്. പുതിയ നിബന്ധനയനുസരിച്ച് ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ഉടന്‍തന്നെ തിരികെയെത്തേണ്ട അവസ്ഥയാണുള്ളത്.

കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ എയര്‍ സുവിധയിലെ സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ട് മാസങ്ങളായി. ഇക്കാര്യത്തില്‍ നിരവധി നിവേദനങ്ങള്‍ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ് പുതിയ നിബന്ധനകള്‍. അതിനാല്‍, അടിയന്തരമായി ഇത് പിന്‍വലിക്കണം. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനമുണ്ടാവാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സിസും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags: