നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോ വാഗ്ദാനം ചെയ്ത് ബഹ്‌റയ്‌നിലെ സംഘപരിവാര്‍ സംഘടന തട്ടിപ്പ് നടത്തിയതായി പരാതി

ബഹറയ്‌നിലെ സംഘപരിവാര അനുകൂല സംഘടനയായ സംസ്‌കൃതിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

Update: 2019-09-15 02:03 GMT

മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. ബഹറയ്‌നിലെ സംഘപരിവാര അനുകൂല സംഘടനയായ സംസ്‌കൃതിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ബഹ്‌റയ്‌നിലെ സംഘപരിവാര പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു യുവതി പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നിരിക്കുന്നത്.

ആഗസ്ത് 24ന് പ്രധാനമന്ത്രി ബഹ്‌റയ്ന്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്നും ചടങ്ങിലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് തന്റെ ഭര്‍ത്താവില്‍ നിന്ന് രണ്ട് സംഘടനാ പ്രവര്‍ത്തകര്‍ നാല് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയമായപ്പോള്‍ ഇയാള്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിക്കു വേണ്ടി പണം ആവശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം നേരിട്ട് ചോദിച്ചിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് നല്‍കുമായിരുന്നു. എന്നാല്‍, തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും യുവതി പറയുന്നു.

തന്നെയും ഭര്‍ത്താവിനെയും ഇവര്‍ ചതിക്കുകയായിരുന്നുവെന്നു പുറത്തുവന്ന മറ്റൊരു വോയിസ് ക്ലിപ്പിലുണ്ട്. പാര്‍ട്ടിയുടെ പേരുപോലും ഇവര്‍ നശിപ്പിക്കുകയാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഭര്‍ത്താവ് സിഐഡികളോട് പരാതിപ്പെടും. പണം വാങ്ങിയവരെ ജയിലില്‍ എത്തിക്കാനുള്ള എല്ലാ തെളിവുകളും ഭര്‍ത്താവിന്റെ പക്കലുണ്ടെന്നും യുവതി പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 ദിനാര്‍ വരെ വാങ്ങിയിട്ടുണ്ടെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ യുവതി ഉന്നയിക്കുന്നുണ്ട്. 

Tags:    

Similar News