ഷാര്‍ജ പുസ്തക മേളക്ക് നാളെ തുടക്കം മലയാളത്തില്‍ നിന്നു പ്രമുഖര്‍

Update: 2019-10-29 15:43 GMT

ഷാര്‍ജ:രാജ്യാന്തര പുസ്തകമേളയായ ഷാര്‍ജ ബുക്ക് ഫെയര്‍ എക്‌സ്‌പോ സെന്ററില്‍ നാളെ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്യും. അടുത്തമാസം 9 വരെയാണ് മേള. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും. മലയാളത്തിലെയടക്കം പ്രമുഖ എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സിനിമാ താരങ്ങള്‍, പ്രസാധകര്‍ എന്നിവര്‍ പങ്കെടുക്കും. 'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്നതാണ് ഇത്തവണത്തെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ, തത്സമയ പാചക പരിപാടികളും ഉണ്ടാകും. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഗുല്‍സാര്‍, വിക്രം സേത്ത് ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരായ വിക്രം സേത്ത്, അനിതാ നായര്‍, ജീത് തായല്‍, മലയാളത്തില്‍ നിന്നു ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, നടന്‍ ടൊവീനോ തോമസ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു. ഇംഗ്ലിഷ് എഴുത്തുകാരനും ബ്ലോഗറും സംരംഭകനുമായ മാര്‍ക് മാന്‍സണ്‍, എഴുത്തുകാരന്‍ സ്റ്റീവന്‍ ജെയിംസ്, അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഹാര്‍വേ, ഘാന എഴുത്തുകാരി മാര്‍ഗരറ്റ് ബര്‍ബി, ആഫ്രിക്കന്‍ എഴുത്തുകാരി ഉപിലെ ചിസാല തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. മെക്‌സിക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. മെക്‌സിക്കോയുടെ സാഹിത്യ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടികള്‍ അരങ്ങേറും. ഒട്ടേറെ മെക്‌സിക്കന്‍ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് 11 ദിവസം നീളുന്ന മേള.   

Tags:    

Similar News